റിഫൈനറിയിലെ തീപിടുത്തം : മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
1574523
Thursday, July 10, 2025 4:31 AM IST
കൊച്ചി: അമ്പലമുകള്‍ കൊച്ചിന് റിഫൈനറിയിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. തീപിടിത്തത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗത്തിലാണ് നിര്‍ദേശം.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.മനോജിന്റെ നേതൃത്വത്തില്‍ കമ്പനി സെക്യൂരിറ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവർ അംഗങ്ങളായ സമിതിയെ ചുമതലപ്പെടുത്തി.
കമ്പനിയുടെ സമീപ പ്രദേശങ്ങള്‍ താമസത്തിന് യോഗ്യമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍, ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയ സമിതി രൂപീകരിച്ചു. സമിതി സമീപ പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കമ്പനിയുടെ ദുരന്തനിവാരണ രൂപരേഖ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ഒരാഴ്ചയ്ക്കകം പുതിയ രൂപരേഖ സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍, ഹസാര്‍ഡ് അനലിസ്റ്റ്, കമ്പനി ഡി.എം പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്കി. പ്രദേശവാസികളുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഉടന്‍ ചേരുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രദേശവാസികളെ ചോറ്റാനിക്കരയിലേക്ക് മാറ്റി
അമ്പലമുകൾ: തീപിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുക മൂലം ദേഹാസ്വാസ്ഥ്യവും ശ്വാസതടസവുമടക്കം അനുഭവപ്പെ ട്ട് ബുദ്ധിമുട്ടിലായ അയ്യങ്കുഴി നിവാസികളെ ചോറ്റാനിക്കരയിലേക്ക് മാറ്റി. കമ്പനി അധികൃതരുടെ നേതൃത്വത്തിലാണ് പ്രദേശവാസികളെ ചോറ്റാനിക്കര ഇന്ദ്രപ്രസ്ഥം ഹോട്ടലിലേക്ക് ചൊവ്വാഴ്ച രാത്രിതന്നെ മാറ്റി താമസിപ്പിച്ചത്.
പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ 10 ദിവസത്തിനുള്ളിൽ അയ്യങ്കുഴിയുൾപ്പെടുന്ന പ്രദേശം കമ്പനി ഏറ്റെടുക്കുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുമായി ഓൺലൈനിലോ നേരിട്ടോ ചർച്ച നടത്താൻ തീരുമാനമായി. കൂടാതെ ദുരന്ത നിവാരണ അഥോറിറ്റി അംഗങ്ങൾ,
വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് അംഗങ്ങൾ, പ്രദേശവാസികളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ സംയുക്തമായി അയ്യങ്കുഴി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പരിശോധന നടത്തി ഇവിടം വാസയോഗ്യമാണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാനും ധാരണയായി.
വാസയോഗ്യമല്ലെന്ന വിലയിരുത്തലിൽ എത്തുകയാണെങ്കിൽ ബദൽ സംവിധാനം കണ്ടെത്തുന്നതു വരെ പ്രദേശവാസികളെ ചോറ്റാനിക്കരയിൽ തന്നെ താമസിപ്പിക്കാനും തീരുമാനിച്ചു. കളക്ടറുമായുള്ള ചർച്ചയിൽ ബെന്നി ബഹനാൻ എംപി, പി.വി. ശ്രീനിജൻ എംഎൽഎ, ജനകീയ സമിതി പ്രസിഡന്റ് വി.ആർ. രാധാകൃഷ്ണൻ, സെക്രട്ടറി സജികുമാർ വി.എൻ, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.