‘എന്റെ നാട് ’സോഷ്യൽ ഓഡിറ്റിംഗ് ഉദ്ഘാടനം നാളെ
1574782
Friday, July 11, 2025 4:39 AM IST
കോതമംഗലം: പത്താം വർഷത്തിലേക്ക് കടക്കുന്ന എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിംഗിലേക്ക്. പാലിയേറ്റീവ് കെയർ, ഭക്ഷ്യസുരക്ഷാ മാർക്കറ്റ്, കർഷക വിപണി, എഡ്യൂകെയർ, വിവിധ ക്ഷേമ പെൻഷനുകൾ തുടങ്ങി 30ൽ അധികം മേഖലകളിലെ 100പരം പദ്ധതികളുടെ ഓഡിറ്റിംഗാണ് നടക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോണ് നാളെ സോഷ്യൽ ഓഡിറ്റ് ഉദ്ഘാടനം ചെയ്യും. ഒരു മാസം നീളുന്ന വിപുലമായ സോഷ്യൽ ഓഡിറ്റിന് നേതൃത്വം കൊടുക്കുന്നത് തൃക്കാക്കര ഭാരതമാതാ കോളജ് സോഷ്യൽ വർക്ക് വിഭാഗമാണ്. പദ്ധതികളുടെ ഫലപ്രാപ്തിയും കുറവും, അടിയന്തര ഇടപെടൽ ആവശ്യമുള്ള മേഖലകളും തിരിച്ചറിയുക എന്നതാണ് സോഷ്യൽ ഓഡിറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
പദ്ധതികൾ, ഗുണഭോക്താക്കൾ, സ്വാധീനം, ഫലപ്രാപ്തി എന്നിവ ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്, സോഷ്യൽ ഓഡിറ്റിന് നേതൃത്വം നൽകുന്ന തൃക്കാക്കര ഭാരതമാതാ കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ ഡോ. ഷീന രാജൻ ഫിലിപ്പ് വിശദീകരിച്ചു. കോതമംഗലത്തെ മുഴുവൻ വീടുകളും സന്ദർശിച്ച് ഓരോ കുടുംബത്തിന്റെയും ആവശ്യകതകൾ മനസിലാക്കുന്ന വിശദമായ ഒരു ഫീൽഡ് സർവേ അടുത്ത് എന്റെ നാട് പൂർത്തിയാക്കിയിരുന്നു.
നാടിന്റെ എല്ലാ കോണിലും നടന്നെത്തി മുഴുവൻ കുടുംബങ്ങളും മനുഷ്യരുമായി സംവദിക്കുന്ന ഗാന്ധിദർശൻ ജനസന്പർക്കയാത്ര കോതമംഗലത്ത് നടന്നു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് സോഷ്യൽ ഓഡിറ്റ് പ്രക്രിയ.
അംഗങ്ങളുടെ എണ്ണമെടുത്താൽ കേരളത്തിൽ പ്രാദേശിക തലത്തിലുള്ള ഏറ്റവും വലിയ ജനകീയ കൂട്ടായ്മയാണ് ഇപ്പോൾ എന്റെ നാട്. വാർഡുതലം മുതലുള്ള വളരെ മികച്ച ജനകീയ സംഘടനാ സംവിധാനവും സുസജ്ജമായ ഓഫീസ് സെക്രട്ടേറിയറ്റും എന്റെ നാടിനുണ്ട്.