ഓണവിപണി: പൂക്കളും പച്ചക്കറികളും പെരുന്പാവൂരിൽ കൃഷി തുടങ്ങി
1574537
Thursday, July 10, 2025 4:46 AM IST
പെരുന്പാവൂർ: ഓണവിപണിയില്‍ പൂക്കളെത്തിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന 'നിറപ്പൊലിമ'യ്ക്കും വിഷരഹിത പച്ചക്കറികള്‍ ഒരുക്കുന്ന 'ഓണക്കനി'ക്കും പെരുമ്പാവൂർ നഗരസഭയിൽ തുടക്കം കുറിച്ചു.നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഷീദ ലത്തീഫ് അധ്യക്ഷ വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ജാസ്മിൻ ബഷീർ, എഡിഎസ് സെക്രട്ടറി ജെസ്ലി ഷാനി, പ്രസിഡന്റ് സീന ഉസ്മാൻ, റംല ഇബ്രാഹിം, അയൽക്കൂട്ടം അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.
നഗരസഭ മൂന്നാം വാർഡ് കാഞ്ഞിരക്കാട് പള്ളിപ്പടിയിൽ ശ്രദ്ധ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ആണ് പദ്ധതി ആരംഭിച്ചത്. വിഷമില്ലാത്ത പച്ചക്കറികളും ഓണപ്പൂക്കളത്തിനുള്ള പൂവുകളും നാട്ടില്‍ ഉല്പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീക്ക് കീഴിലെ കര്‍ഷകവനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ നഗരസഭയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. രണ്ടു നിറങ്ങളിലെ ബന്ദി, വിവിധയിനം പയര്‍, വെണ്ട, പടവലം, മുളക്, വഴുതന തുടങ്ങിയവ കൃഷിചെയ്യും. വിളകൾ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ചന്തകള്‍ വഴി വിപണിയിലെത്തിക്കും.