ഇടക്കൊച്ചിയിൽ താത്കാലിക തടയണ നിർമാണം ആരംഭിച്ചു
1574534
Thursday, July 10, 2025 4:46 AM IST
പള്ളുരുത്തി: ഇടക്കൊച്ചിയിൽ കായൽ വേലിയേറ്റ വെള്ളക്കെട്ട് തടയുന്നതിനുള്ള താത്കാലിക തടയണയുടെ നിർമാണം തുടങ്ങി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ എന്നിവരുടെ ആവശ്യം പരിഗണിച്ച് ജില്ലാ കളക്ടർ അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. തടയണയുടെ നിർമാണോദ്ഘാടനം കൗൺസിലർമാരായ ജീജ ടെൻസനും അഭിലാഷ് തോപ്പിലും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ പൊതുപ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു.
തടയണക്കുള്ള എസ്റ്റിമേറ്റ് നഗരസഭയാണ് തയാറാക്കിയത്. 3,95,000 രൂപയുടേതാണ് എസ്റ്റിമേറ്റ്. വേലിയേറ്റ ദുരിതത്തിലായ ഇടക്കൊച്ചി കമ്പനി പറമ്പ് ഭാഗം, കുട്ടികൃഷ്ണൻ വൈദ്യർ റോഡ്, അംബേദ്കർ റോഡ് എന്നിവിടങ്ങളിലാണ് കായൽ വേലിയേറ്റ വെള്ളക്കെട്ട് മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. ഈ പ്രദേശങ്ങളിലേക്ക് തുറന്നു കിടക്കുന്ന വലിയ കനാലുകൾ വഴിയാണ് കായൽ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നത്. താത്കാലിക തടയണയുടെ നിർമാണം പൂർത്തിയാകുന്നതോടെ കായലിൽ നിന്ന് കയറുന്ന വെള്ളം ഒരു പരിധി വരെ തടഞ്ഞു നിർത്താനാകും.
കനാലുകൾക്ക് കുറുകെയാണ് തടയിണ നിർമാണം. ആർക്കും എളുപ്പത്തിൽ പ്രവർത്തിപ്പിക്കുവാൻ പറ്റുന്ന രീതിയിലാണ് തടയണ നിർമിക്കുന്നതെന്ന് കരാറുകാരൻ പറഞ്ഞു. ഇറിഗേഷൻ വകുപ്പ് ഇവിടെ നടപ്പിലാക്കുന്ന സ്ലൂയിസുകൾ ടെൻഡർ നടപടിയായിട്ടുണ്ട്. നഗരസഭ ചെറുതും വലുതുമായി ഏഴ് സ്ളൂയിസുകൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്.