കടവൂർ മേഖലയിൽ കാട്ടാനയിറങ്ങി; ജനം ഭീതിയിൽ
1574520
Thursday, July 10, 2025 4:31 AM IST
പോത്താനിക്കാട്: മുള്ളരിങ്ങാട് വനത്തിൽനിന്ന് കടവൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാക്കി. രണ്ട് കൊന്പനാനകളാണ് ഇന്നലെ പുലർച്ചെ നാട്ടിലേക്കിറങ്ങിയത്. ചാത്തമറ്റം - മുള്ളരിങ്ങാട് റോഡ് മറികടന്നെത്തിയ കാട്ടാനകൾ രണ്ടു ദിവസമായി പൊത്തൻചീനി വനാതിർത്തിയിലുള്ള വടക്കേ പുന്നമറ്റത്ത് പല പുരയിടങ്ങളിലും കൃഷി നശിപ്പിച്ചിരുന്നു.
ചൊവാഴ്ച അർധരാത്രി വനമേഖലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കടവൂർ ടൗണിൽ ഇറങ്ങിയ കാട്ടാനകൾ പിന്നീട് കക്കടാശേരി - കാളിയാർ റോഡിൽ യാത്രാ തടസം സൃഷ്ടിച്ചു. നാട്ടുകാർ ബഹളം വച്ചും പടക്കംപൊട്ടിച്ചും ഇവിടെ നിന്ന് ഓടിച്ച ആനകൾ കാളിയാർ പുഴയിൽ എത്തി. അവിടെ കുറച്ചു നേരം വെള്ളത്തിൽ കിടന്നശേഷം പുഴയുടെ അക്കരെ കുമാരമംഗലം പഞ്ചായത്തിലെ പയ്യാവിലേക്ക് കടന്നു. അവിടെ നാട്ടുകാർ ചേർന്ന് ആനയെ തുരത്തി മറുകരയിലേക്ക് വിട്ടു.
ഇതിനിടെ ഡീൻ കുര്യാക്കോസ് എംപി, കോതമംഗലം ഡിഎഫ്ഒ, മുള്ളരിങ്ങാട്, കാളിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, തൊടുപുഴ ഫോറസ്റ്റ് വിജിലൻസ് വിഭാഗം, പോത്താനിക്കാട് പോലീസ് എന്നിവരുടെ നേതൃത്വത്തിൽ വലിയൊരു സംഘവും സ്ഥലത്തെത്തി.
ആളുകൾ സ്ഥലത്തേക്ക് വരുന്നത് തടയാൻ പ്രധാന വഴികളെല്ലാം പോലീസ് അടച്ചു. പിന്നീട് പുഴയുടെ കരയിലുള്ള റബർ തോട്ടത്തിൽ തന്പടിച്ച ആനകളെ തുരത്തുന്നതിന് ആർആർടി സംഘം ശ്രമം തുടങ്ങി. ഒടുവിൽ രാവിലെ 11ഓടെ പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനകളെ കക്കടാശേരി-കാളിയാർ റോഡ് കടത്തി. റോഡ് മുറിച്ചുകടന്ന ആനകൾ സമീപത്തെ റബർ തോട്ടത്തിലേക്കാണ് ഇറങ്ങിയത്.
ഇതിനിടെ ആനകളിലൊന്ന് റബർ തോട്ടത്തിലെ കുളത്തിൽ വീണെങ്കിലും തനിയെ കരകയറി. ഇതിനുശേഷം ആനകൾ പൊത്തൻ ചീനി വനത്തിലെ വെട്ടിക്കലോലി ഭാഗത്ത് തന്പടിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ആനകൾ തിരികെ വരുന്നത് തടയാൻ സ്ഥലത്ത് കാവൽ നിന്നു. ഒടുവിൽ ചാത്തമറ്റം മല കയറി ആനകൾ മുള്ളരിങ്ങാട് വനത്തിലേക്ക് പോയശേഷമാണ് എല്ലാവരും മടങ്ങിയത്.