പൈപ്പ് ലൈൻ റോഡിൽ വ്യാപക കൈയേറ്റം : സർവേക്കല്ലിട്ട് സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
1574532
Thursday, July 10, 2025 4:46 AM IST
ആലുവ: വിശാല കൊച്ചിയിലേക്ക് ഭൂഗർഭ പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന പൈപ്പ് ലൈൻ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവേക്കല്ലുകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. ആലുവ പിഎച്ച് ഡിവിഷൻ ഓഫീസ് മുതൽ ഇടപ്പള്ളി തോടുവരെയുള്ള 12.3 കിലോമീറ്റർ ദൂരത്തിൽ മാത്രം 93 കൈയേറ്റങ്ങളാണ് ആലുവ അസി. എക്സിക്യൂട്ടീവ് എൻജിനീയർ നടത്തിയ സർവേയിൽ കണ്ടെത്തിയത്.
കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിത്തുടങ്ങിയെങ്കിലും വീണ്ടും വ്യാപകമായ കയ്യേറ്റം നടക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ തന്നെ ഇരുമ്പിൽ നിർമ്മിച്ച ലോട്ടറി തട്ടുകൾ സ്ഥാപിച്ചാണ് കൈയേറ്റം നടന്നത്.
ആലുവ, കണയന്നൂർ താലൂക്കുകളിലായി ഉൾപ്പെടുന്ന പൈപ്പ് ലൈൻ റോഡിൻെറ സർവ്വെ നടത്തി സർവേക്കല്ലുകൾ സ്ഥാപിക്കണമെന്ന് വാട്ടർ അഥോറിറ്റി ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി. തട്ടുകടകൾ മുതൽ മുതൽ വലിയ ഗോഡൗകൾ വരെ വാട്ടർ അതോറിറ്റിയുടെ കൈയേറ്റ പട്ടികയിൽ ഉണ്ട്.
ഭൂഗർഭ പൈപ്പ് ഉള്ളതിനാൽ വലിയ ഭാരവണ്ടികൾക്ക് പൈപ്പ് ലൈൻ റോഡിൽ നിരോധനമുണ്ട്. ആറോളം സ്ഥലങ്ങളിൽ ഉയരം കുറഞ്ഞ ക്രോസ് ബാറുകൾ വച്ചിട്ടുമുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ഇവ മാറ്റി വച്ചിട്ടുണ്ട്. സ്കൂൾ ബസുകൾ പോകാനായി ആലുവ നിർമല സ്ക്കൂളിന് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്.
പ്രധാന പൈപ്പ് ലൈൻ റോഡിന് സമാന്തരമായി കാസിനോ തിയറ്റേറിന് മുന്നിലൂടെ മറ്റൊരു പൈപ്പ് ലൈൻ കൂടി പോകുന്നുണ്ട്. ഈ റോഡിലും കയ്യേറ്റമുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ സർവേകല്ലിട്ടില്ലെങ്കിൽ പുറമ്പോക്ക് ഭൂമി അന്യാധീനപ്പെടുമെന്നാണ് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നത്.