ലഹരിമരുന്നുമായി യുവാവ് പിടിയിൽ
1574524
Thursday, July 10, 2025 4:31 AM IST
പറവൂർ: ചെറായി ബീച്ച് കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാവ് പോലീസ് പിടിയിലായി. വടക്കേക്കര പട്ടണം ആളംതുരുത്ത് കല്ലൂത്തറ വീട്ടിൽ വൈശാഖി(31)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും വടക്കേക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 3.05 ഗ്രാം എംഡിഎംഎ, 79.73 ഗ്രാം ഹാഷിഷ് ഓയിൽ, 10.75 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 21 ഡപ്പികളിലായാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന്റെ ടെറസിൽ പ്രത്യേകം സജ്ജമാക്കിയ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്.
കോയമ്പത്തൂരിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയാണെന്നും കൂടെയുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമക്കുന്നതായും പോലീസ് പറഞ്ഞു.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.