സുസ്ഥിര വികസനമെന്നത് ജലസ്രോതസുകൾ സംരക്ഷിക്കൽ: ഡോ. ബിജു കുമാര്‍
1574776
Friday, July 11, 2025 4:39 AM IST
കൊച്ചി: കേരളത്തിന്റെ സുസ്ഥിര വികസനമെന്നത് നമ്മുടെ ജൈവ വൈവിധ്യവും സവിശേഷമായ ഭൂപ്രകൃതിയും ജലസ്രോതസുകളും സംരക്ഷിക്കുക എന്നുള്ളതാണെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ബിജു കുമാര്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ലേക്ക് വ്യൂ എന്വിറത്തണ്' അന്താരാഷ്ട്ര കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന കനാല്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ വേമ്പനാട്ട് കായല്‍ സ്വാഭാവികമായി ശുദ്ധീകരിക്കപ്പെടുമെന്നും, അത് കേരളത്തിന്റെ വിവിധ തലത്തിലുള്ള വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ ഇല്ലിനോയിസ് വെസ്ലിയന്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രഫസറും ഗ്രീന്‍ കെമിസ്ട്രിയുടെ പ്രയോക്താവുമായ പ്രഫ. റാം മോഹന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ. സജി ബേബി (എംഐടി, പീസ് യൂണിവേഴ്സിറ്റി, പൂനെ), ഡോ. മറിയാമ്മ ഫിലിപ്പ് (നിംഹാന്‍സ്, ബംഗളൂരു), എസ്. ഗണപതി വെങ്കിട്ട സുബ്രഹ്മണ്യന് (അണ്ണാ യൂണിവേഴ്സിറ്റി ചെന്നൈ), ഡോ. മഹേഷ് മോഹന്‍ (മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം) എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് കോണ്‍ക്ലേവില്‍ ഡോ. ആര്. ബിന്ദു മുഖ്യാതിഥിയായി സംസാരിക്കും.
ബിപിസിഎലിന്റെയും ആലുവ മിത്രാദാം റിനൂവബിള് എനര്‍ജി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ രാജ്യത്തും വിദേശത്തുമുള്ള 200ലധികം ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവർ പങ്കെടുക്കുന്നുണ്ട്.