എടവനക്കാട്ടെ കടൽഭിത്തി : ഫണ്ട് അനുവദിച്ചിട്ടും ഭരണാനുമതിയായില്ല; പദ്ധതി ത്രിശങ്കുവിൽ
1574773
Friday, July 11, 2025 4:25 AM IST
വൈപ്പിൻ : കടൽക്ഷോഭം രൂക്ഷമായ എടവനക്കാട് ചെല്ലാനം മോഡൽ ടെട്രാപോഡുകൾ ഉപയോഗിച്ചു കടൽത്തി നിർമിക്കുന്നതിനായി പണം അനുവദിച്ച് മൂന്നുമാസം പിന്നിട്ടിട്ടും ഭരണാനുമതി കിട്ടാത്തതിനാൽ പദ്ധതി ഇപ്പോഴും ത്രിശങ്കുവിൽ.
രോഷാകുലരായ നാട്ടുകാർ വീണ്ടും സമരത്തിനിറങ്ങുന്നു. നാട്ടുകാരും പഞ്ചായത്തും റോഡ് ഉപരോധിച്ചു നടത്തിയ വൻ സമരത്തിനൊടുവിലാണ് എംഎൽഎയും കളക്ടറും ഇടപെട്ട് ചർച്ചകൾ നടത്തി പദ്ധതി പ്രഖ്യാപിച്ചത്.
ഇതുപ്രകാരം 35 കോടി രൂപ ജിഡയും 15 കൂടി സംസ്ഥാന സർക്കാരും 10 കോടി ഡിസാസ്റ്റർ മാനേജ്മെന്റ് വിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം. ഏപ്രിൽ എട്ടിനു ചേർന്ന ജിഡ യോഗത്തിലാണ് 35 കോടിനൽകാൻ തീരുമാനമെടുത്തത്.
എന്നാൽ ഈ ഫണ്ട് തികയാത്തസാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും ഡിസാസ്റ്റർ മാനേജ്മെന്റും ഫണ്ട് നൽകാമെന്ന് ഏറ്റത്. എന്നാൽ ഇതിനുശേഷം ഇതിന്റെ ഭരണാനുമതി ഉൾപ്പെടെയുള്ള മറ്റു തുടർ നടപടികൾ എങ്ങും എത്തിയില്ലെന്നാണ് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പരാതി.
ഈ സാഹചര്യത്തിലാണ് കടൽത്തി നിർമാണം ആവശ്യപ്പെട്ട് വീണ്ടും നാട്ടുകാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്.
ഇതിന്റെ ഭാഗമായി 19ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ എടവനക്കാട് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടക്കും. കൂടാതെ പ്രതീകാത്മക ടെട്രാപോർഡും സ്ഥാപിച്ച് പ്രതിഷേധിക്കുകയും ചെയ്യും. രാവിലെ 10ന് ആരംഭിക്കുന്ന സമരപരിപാടികൾ അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്യും.