തോപ്പുംപടി ഹാർബറിനു പുതുമോടി : ഒന്നാം ഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകും
1574533
Thursday, July 10, 2025 4:46 AM IST
കൊച്ചി: തോപ്പുംപടിയിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാകും. 169.17 കോടി രൂപയുടെ പദ്ധതി 2026ൽ പൂർത്തീകരിക്കാനാണു ലക്ഷ്യം.
കൊച്ചി തുറമുഖ അഥോറിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. 54 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ 700 മത്സ്യബന്ധന ബോട്ടുകൾക്കും 10000 മത്സ്യത്തൊഴിലാളികൾക്കും നേരിട്ടു പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷ.
പരോക്ഷമായി 30000 ഓളം തൊഴിലാളികൾക്കും തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. തുറമുഖത്തിനാവശ്യമായ ഡ്രഡ്ജിംഗ് അടുത്ത മാസം നടത്തും. പ്രവർത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കും. വല തുന്നുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ വിപുലമാക്കും. സംഭരണ സൗകര്യങ്ങളും, കുടി വെള്ളം, ശുചിമുറി സംവിധാനങ്ങളും ആധുനികരീതിയിൽ സജ്ജമാക്കും.
പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഹൈബി ഈഡൻ എംപിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ അവലോകന യോഗം നടത്തിയിരുന്നു. തുറമുഖ അഥോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്തു.