അങ്കമാലി-ആലുവ ദേശീയപാതയിൽ മരം മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു
1574770
Friday, July 11, 2025 4:25 AM IST
നെടുമ്പാശേരി : അങ്കമാലി-ആലുവ ദേശീയപാതയിലേക്ക് മരം മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ ചെറിയ വാപ്പാലശേരി ഭാഗത്താണ് മരം റോഡിലേക്ക് മറിഞ്ഞത്.
ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. ഈ സമയം ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. മരം മറിഞ്ഞ് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിന്റെ മുകളിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ടാങ്കറിന്റെ കാബിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അങ്കമാലിയിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഇതേ തുടർന്ന് ചെറിയ വാപ്പാലശേരി മുതൽ കരിയാട് വരെ ഒന്നര മണിക്കൂറോളം ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടു.
ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ അങ്കമാലി ഭാഗത്തേക്കുള്ള റോഡിലൂടെ തിരിച്ചു വിടുകയായിരുന്നു.