വാഹനാപകടം : ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്
1574779
Friday, July 11, 2025 4:39 AM IST
മൂവാറ്റുപുഴ: ഓട്ടോറിക്ഷയും ചരക്കുവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കാവുംപടി റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയുണ്ടായ അപകടത്തിൽ രണ്ടാർ പറയൻകുടി ഹരിദാസിനാണ് പരിക്കേറ്റത്.
പിഒ ജംഗ്ഷനിൽ നിന്ന് കാവുംപടി റോഡിലൂടെ കച്ചേരിത്താഴത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ മൂവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിനു സമീപത്തുവച്ച് എതിർദിശയിലെത്തിയ ചരക്ക് വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഹരിദാസ് റോഡിലേക്ക് തെറിച്ചു വീണു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, കൈക്ക് പരിക്കേറ്റ ചരക്കു വാഹന ഡ്രൈവർ ഇരിഞ്ഞാലക്കുട സ്വദേശി ആന്റണിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാലക്കുടിയിൽ നിന്ന് ചരക്കുമായി കോലഞ്ചേരിക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ദിവസങ്ങൾക്കുമുൻപ് ജല അഥോറിറ്റിയുടെ പൈപ്പ് അറ്റകുറ്റപ്പണികളെ തുടർന്ന് റോഡിൽ കൂട്ടിയിട്ട മണ്ണിന് മുകളിലൂടെ കയറിയാണ് ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് ചരക്കുവാഹനത്തിലിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.