വന്യമൃഗ സാന്നിധ്യം : വനംവകുപ്പ് ജാഗ്രത പുലർത്തണം: താലൂക്ക് വികസന സമിതി
1574790
Friday, July 11, 2025 4:53 AM IST
കോതമംഗലം: കോതമംഗലം താലൂക്കിലെ വനമേഖലയോട് ചേർന്നുവരുന്ന പല പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായി കണ്ടുവരുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ കൃത്യമായ നിരീക്ഷണവും ജാഗ്രതയുമുണ്ടാകണമെന്ന് താലൂക്ക് വികസന സമിതി യോഗം.
വന്യമൃഗശല്യം തടയുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിംഗ്, ഹാങ്ങിംഗ് ഫെൻസിംഗ്, ട്രഞ്ച് എന്നീ പദ്ധതികളുടെ കാര്യക്ഷമവും സമയബന്ധിതവുമായ പൂർത്തീകരണം ബന്ധപ്പെട്ട ഡിഎഫ്ഒമാർ ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു.
കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ പല പ്രദേശങ്ങളിലും രൂപപ്പെടുന്ന വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാല വർഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു.
വീടുകൾക്കും കൃഷി ഉൾപ്പെടെ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി തന്നെ നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു.
കുട്ടന്പുഴ-വെള്ളാരംകുത്ത്-മണികണ്ഠൻചാൽ കെഎസ്ആർടിസി ബസ് സർവീസും, കോതമംഗലം നെല്ലിമറ്റം-വാളാച്ചിറ-പൈങ്ങോട്ടൂർ കെഎസ്ആർടിസി ബസ് സർവീസും മുടങ്ങുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്ന് യോഗം നിർദേശിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ, തഹസിൽദാർ എം. അനിൽകുമാർ, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഗോപി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. എൽദോസ്, ആന്റണി പാലക്കുഴി, ബേബി പൗലോസ്, സാജൻ അന്പാട്ട്, തോമസ് വട്ടപ്പാറ എന്നിവർ പങ്കെടുത്തു.