എംഡിഎംഎയുമായി അറസ്റ്റിലായ യുട്യൂബര്‍ക്ക് സിനിമാ മേഖലയിലും ലഹരി ഇടപാട്
1574796
Friday, July 11, 2025 5:06 AM IST
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ യുട്യൂബര്‍ക്ക് സിനിമാ മേഖലയിലും ലഹരി ഇടപാട്. അറസ്റ്റിലായ കോഴിക്കോട് ചുങ്കം സ്വദേശിനിയും യുട്യൂബറുമായ റിന്‍സി മുംതാസ്(32) മുഖേന സിനിമ മേഖലയിലുള്ള നിരവധി പേര് ലഹരി വസ്തുക്കള്‍ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ഇവരുടെ പേരുവിരങ്ങള്‍ ശേഖരിച്ച് വരികയാണ്. വരും ദിവസങ്ങളില്‍ ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടായേക്കും.
സിനിമയുടെ പ്രമോഷന് ജോലികള്‍ കൈകാര്യം ചെയ്തിരുന്ന റിന്‍സി ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സിനിമ പ്രവര്‍ത്തകരുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് ലഹരി ആവശ്യമുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇവരോടൊപ്പം അറസ്റ്റിലായ കല്ലായി സ്വദേശിയും റിന്‍സിയുടെ സുഹൃത്തുമായ യാസര്‍ അറഫാത്തിനും(34) ഈ ലഹരി ഇടപാടുകളില്‍ പങ്കുളളതായാണ് വിവരം.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. യുട്യൂബ് വ്ലോഗിന്റെ മറവിലാണ് റിന്‍സി നഗരത്തില്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത്.
ഫ്ലാറ്റ് വാടകയ്ക്കെടുത്ത് എംഡിഎംഎ കച്ചവടം
ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം നഗരത്തില്‍ നടത്തിയ വ്യാപക തെരച്ചിലിനിടെയാണ് കാക്കനാട് പാലച്ചുവടില്‍ നിന്നും റിന്‍സി മുംതാസും, യാസര്‍ അറഫാത്തും ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
പാലച്ചുവട് ഭാഗത്തുള്ള റിന്‍സിയുടെ പേരില്‍ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ഇരുവരും എംഡിഎംഎ വില്പന നടത്തിയിരുന്നത്. ഇരുടെ പക്കല്‍ നിന്നും 20.55 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് ലഹരി എത്തിച്ചു കൊടുത്തിരുന്ന ഇവരെ കാണാന്‍ നിരവധി സന്ദര്‍ശകരും ഫ്ലാറ്റില്‍ വന്നുപോയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങളും പോലീസ് അന്വേഷിക്കുകയാണ്.
ഡി ഹണ്ടിന്റെ ഭാഗമായി നടത്തി പരിശോധനയില്‍ ചേരാനെല്ലൂര്‍ മാതിരപ്പിള്ളി മട്ടുമ്മല്‍ ഭാഗത്തുനിന്നും 2.80 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് റഫീഖ്(28) എന്നയാളെയും അറസ്റ്റ് ചെയ്തു.