കുടുംബനാഥൻ വീട്ടിൽ മരിച്ചനിലയിൽ : ജപ്തി ഭീഷണിമൂലമെന്ന് ബന്ധുക്കൾ
1574519
Thursday, July 10, 2025 4:31 AM IST
നെടുന്പാശേരി: വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന, ധനകാര്യ സ്ഥാപനത്തിന്റെ അറിയിപ്പിനെതുടർന്ന് മനോവിഷമത്തിലായിരുന്ന കുടുംബനാഥൻ മരിച്ചനിലയിൽ. പാറക്കടവ് കുറുമശേരി പഴൂർ വീട്ടിൽ മധുമോഹനെ (46) ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ഭാര്യവീട്ടിലായിരുന്നു. പലവട്ടം ഫോണ് വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.
വീട്ടുകാർ പറയുന്നത് ഇങ്ങനെ: പ്രവാസിയായിരുന്ന മധു വീട് നിർമിക്കുന്നതിനായി കേരള ബാങ്കിന്റെ കുറുമശേരി ശാഖയിൽനിന്ന് 15 വർഷം മുന്പ് 21 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2018ൽ നാട്ടിലെത്തിയ ശേഷം വിദേശത്തേക്ക് പോയില്ല. പിന്നീട് നാട്ടിൽ പലതരം ജോലികൾ ചെയ്തെങ്കിലും വിജയിച്ചില്ല. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. വായ്പ പലിശ സഹിതം 36 ലക്ഷം രൂപയായി ഉയർന്നു. പോലീസ് സന്നാഹത്തോടെ വീടും പറന്പും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുമെന്ന് ബാങ്കിന്റെ അഭിഭാഷകൻ നേരത്തെ അറിയിച്ചിരുന്നു.
വീട് വിറ്റ് വായ്പ തീർക്കാമെന്ന് ബാങ്ക് അധികൃതരെ അറിയിച്ചെങ്കിലും സമയം നീട്ടി നൽകാൻ തയാറായില്ല. വീട് വാങ്ങാൻ സന്നദ്ധമായവർ 15 ദിവസം അവധി ചോദിച്ചിരുന്നു. എന്നിട്ടും ബാങ്ക് ജപ്തി നടപടി നിർത്തിവച്ചില്ല. ഇതേതുടർന്നാണുള്ള മനോവിഷമത്തിലാണ് മധുമോഹൻ ആത്മഹത്യ ചെയ്തത്.
ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അതേസമയം ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: ശ്യാമ (അപ്പോളോ ആശുപത്രി). മക്കൾ: കൃഷ്ണപ്രിയ, ശിവപ്രിയ.