എംഡിഎംഎയുമായി യുവാവ് പിടിയിൽ
1574781
Friday, July 11, 2025 4:39 AM IST
മൂവാറ്റുപുഴ: എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. പേഴയ്ക്കാപ്പിള്ളി തണ്ടിയേക്കൽ ഷാമോ(28) നെയാണ് 1.42 ഗ്രാം കഞ്ചാവുമായി പേഴയ്ക്കാപ്പിള്ളിയിൽ മൂവാറ്റുപുഴ എക്സൈസ് സിഐ ജി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
എംഡിഎംഎ ഉപയോഗിക്കുന്ന പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മുൻപും എംഡിഎംഎ കേസിൽ പ്രതിയായിരുന്ന ഷാമോനെ എക്സൈസ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കൈയിലുണ്ടായിരുന്ന എംഡിഎംഎ സമീപത്തുള്ള കഐസ്ഇബിയുടെ മതിൽകെട്ടിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു.
തുടർന്ന് നാട്ടുകാരും എക്സൈസ് സംഘവും നടത്തിയ തെരച്ചിലിനൊടുവിലാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയുടെ മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുത്തു. പ്രതി ലഹരി ഇടപാട് നടത്തുവാൻ മറ്റുള്ളവരുമായി ബന്ധപ്പെടുന്ന ഫോണ് സംഭാഷണവും എക്സൈസിന് ലഭിച്ചിട്ടുണ്ട്. പെരുന്പാവൂർ, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളിൽ എംഡിഎംഎ വില്പന നടത്തുന്നയാളാണ് പ്രതിയെന്നും ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎംഎ എത്തിക്കുന്നതെന്നും എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ പറഞ്ഞു.
പ്രിവന്റീവ് എക്സൈസ് ഓഫീസർമാരായ അജയകുമാർ, ഷബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാഹിൻ, രഞ്ജിത്ത്, അനുരാജ്, ബിജു ഐസക്, വനിത എക്സൈസ് ഓഫീസർ അനിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.