ശോഭന സ്കൂൾ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി
1574780
Friday, July 11, 2025 4:39 AM IST
കോതമംഗലം: വിദ്യാർഥികൾ സഞ്ചിരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിനു പിന്നിൽ മറ്റൊരു കാറും സ്വകാര്യ ബസും ഇടിച്ചെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ദേശീയപാതയിൽ ശോഭന സ്കൂൾ ജംഗ്ഷനിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ട കാറിൽ പിന്നിലുണ്ടായിരുന്ന മറ്റൊരു കാറും, അതിന് പിന്നിൽ സ്വകാര്യ ബസും ഇടിക്കുകയായിരുന്നു. ഇതോടെ മൂന്ന് വാഹനങ്ങൾക്കും കേടുപാടു സംഭവിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
തലനാരിഴ വ്യത്യാസത്തിലാണ് വിദ്യാർഥികൾ കയറിയ ഓട്ടോറിക്ഷ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. സ്കൂളിൽ കുട്ടികൾ വരികയും പോകുകയും ചെയ്യുന്ന രാവിലെയും വൈകുന്നേരവും വലിയ തിരക്കാണ് ഇവിടെയുണ്ടാകുന്നത്.
തിരക്കേറിയ സമയങ്ങളിൽ ഇവിടെ പോലീസിനെ ഡ്യൂട്ടിക്ക് നിയമിക്കണമെന്ന് നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടിയായിട്ടില്ല. പ്രദേശത്ത് ഗതാഗതകുരുക്കും പതിവാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.