കൈക്കൂലി കേസ്: ഇഡി ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം
1574793
Friday, July 11, 2025 4:53 AM IST
കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) മുതിര്‍ന്ന ഉദ്യോഗസ്ഥന് ശേഖര്‍ കുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കേ കളളപ്പണക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാര്‍ മുഖേന കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അടക്കം മൂന്നുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഒന്നാം പ്രതിയായ ശേഖര്‍ കുമാറിനെതിരെ തെളിവ് ശേഖരണം തുടരുന്നുവെന്നായിരുന്നു വിജിലന്‍സ് നിലപാട്. എന്നാല്‍ താന്‍ അന്വേഷിക്കുന്ന കളളപ്പണക്കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് എന്നായിരുന്നു ശേഖര്‍ കുമാറിന്റെ നിലപാട്. ആരോപണത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റിയിരുന്നു.