പണിമുടക്കില്‍ വലഞ്ഞ് ജില്ല
1574518
Thursday, July 10, 2025 4:31 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ നടന്ന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. പൊതുഗതാഗത സംവിധാനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നതോടെ പൊതുജനം വലഞ്ഞു. കളക്ടറേറ്റില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തിയില്ല. അധ്യാപകരും പണിമുടക്കിയതോടെ ജില്ലയിലെ സ്കൂളുകളും കോളജുകളും അടഞ്ഞുകിടന്നു.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും, ഫ്കടറികളും, ഷോപ്പിംഗ് മാളുകളും, ഹോട്ടലുകളും നിശ്ചലമായി. ഏതാനും ചില ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ എറണാകുളം മാര്‍ക്കറ്റും ബ്രോഡ്വേയും നിശ്ചലമായിരുന്നു.
അതേസമയം ട്രെയിന്‍ സര്‍വീസുകളെ പണിമുടക്ക് ബാധിക്കാതിരുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. ഓട്ടോ, ടാക്സി സര്‍വീസുകളും പണിമുടക്കിന്റെ ഭാഗമായി. കൊച്ചി നഗരത്തില്‍ ചുരുക്കം ചില യൂബര്‍ ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങി. പലയിടങ്ങളിലും സമരാനുകൂലികള്‍ ഇവരെ തടഞ്ഞു.
നഗരത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തിയത് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി. ജില്ലയില്‍ നോര്‍ത്ത് പറവൂരില്‍ നിന്ന് മാത്രമാണ് ഏതാനും ചില സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തത്. ഇതൊഴിച്ചാല്‍ മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ദീര്‍ഘദുര സര്‍വീസുകളടക്കം സ്തംഭിച്ചു. 1800 ഓളം വരുന്ന സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
ജില്ലയുടെ ഗ്രാമ പ്രദേശങ്ങളില്‍ പണിമുടക്ക് ബന്ദായി മാറി. കളമശേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചില്ല. സംയുക്ത ട്രേഡ് യൂണിയന് സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലെ 35ഓളം കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും പൊതുയോഗങ്ങളും നടന്നു.
പണിമുടക്കി കളക്ടറേറ്റ്
പണിമുടക്ക് ദിനത്തില്‍ കളക്ടറേറ്റിലും ഹാജര്‍നില തീരെ കുറവായിരുന്നു. 85 ഓഫീസുകളിലായി 1400 ജീവനക്കാരാണ് കളക്ടറേറ്റിലുള്ളത്. ഇതില്‍ 44 ഓഫീസ് ഇന്നലെ തുറന്നെങ്കിലും പല ഓഫീസിലും ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. കളക്ടറുടെ കീഴിലുള്ള ഓഫീസുകളില്‍ ആകെയുള്ള 200 ഓളം ജീവനക്കാരില്‍ അഞ്ചുപേര്‍ മാത്രമാണ് ഹാജരായത്. ഇന്‍ഫോപാര്‍ക്കില്‍ 60 ശതമാനം ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചു.
കൊച്ചിയില്‍ ബസ് തടഞ്ഞു; പറവൂരില്‍ സര്‍വീസ് നടത്തി
പണിമുടക്ക് ദിവസം എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനിരുന്ന ലോ ഫ്ളോര്‍ ബസ് സമരാനുകൂലികള്‍ തടഞ്ഞു. കോഴിക്കോട് ഡിപ്പോയില്‍ നിന്നും എറണാകുളത്തെത്തി തിരികെ പോകാനാരുന്ന ബസ് ആണ് തടഞ്ഞത്. സമരം അവസാനിച്ച ശേഷം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്ന് സമരക്കാര്‍ ബസ് ജീവനക്കാരെ അറിയിക്കുകയായിരുന്നു.
എന്നാല്‍ സര്‍വീസ് നടത്താന്‍ സംരക്ഷണം ഒരുക്കണമെന്ന് സ്റ്റേഷന് മാസ്റ്ററോട് ആവശ്യപ്പെട്ടിട്ട് പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു. എസി ബസ് ആയതിനാല്‍ മറ്റ് നാശനഷ്ടങ്ങള്‍ ഭയന്നാണ് സര്‍വീസ് നടത്താന്‍ തയാറാകാതിരുന്നതെന്ന് ഡിടിഒ പറഞ്ഞു.
നോര്‍ത്ത് പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ആലുവ അടക്കമുള്ള പ്രദേശങ്ങളിലേക്ക് 20 ഓളം സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തു. സമരാനുകൂലികള്‍ ബസ് തടഞ്ഞെങ്കിലും പോലീസ് സംരക്ഷണയില്‍ സര്‍വീസുകള്‍ നടത്തി. ഇതിനുപുറമേ തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനില്‍ പ്രാദേശിക സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു.
ഇവരെ പിന്നീട് പോലീസെത്തി നീക്കി. 74 ഷെഡ്യൂളുകളുള്ള എറണാകുളത്ത് നിന്നും ഒരു സര്‍വീസും നടത്തിയില്ല. ഇതിനുപുറമേ ആലുവ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, അങ്കമാലി എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസ് സ്തംഭിച്ചു.
മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും നേരിയ സംഘര്‍ഷം
മൂവാറ്റുപുഴയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. രാവിലെ 11ഓടെ വെള്ളൂര്കുന്നത്തായിരുന്നു സംഭവം. കോഴിക്കോട് നിന്ന് പാലായിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് സമരക്കാര്‍ തടഞ്ഞത്. ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് സമരക്കാര്‍ തല്ലിതകര്‍ത്തു.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്ത്തകന് പരിക്കേറ്റു. പെരുമ്പാവൂരില്‍ എഎം റോഡില്‍ പാലക്കാട്ടുതാഴം പാലത്തിനു സമീപം പുറത്ത് നിന്നും യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷകളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടത് ചെറിയ സംഘര്‍ഷത്തിന് വഴി ഒരുക്കി.
തിരക്കില്ലാതെ കൊച്ചി മെട്രോ
സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമടക്കം നിശ്ചലമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. നാമമാത്രമായ ആളുകള്‍ മാത്രമാണ് ഇന്നലെ മെട്രോയില്‍ യാത്ര ചെയ്തത്. ഭൂരിഭാഗം സര്‍വീസുകളിലും ഒട്ടുമിക്ക സീറ്റുകളും കാലിയായിരുന്നു. കഴിഞ്ഞ ദിവസത്തെ സ്വകാര്യ ബസ് പണിമുടക്കില്‍ മെട്രോയില്‍ ഇരട്ടിയിലധികം ആളുകള്‍ യാത്രചെയ്തിരുന്നു.
നഗര-ഗ്രാമങ്ങളില്‍ പണിമുടക്ക് പൂര്‍ണം
പെരുമ്പാവൂര്‍ മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. കെഎസ്ആര്‍ടിസി രാവിലെ ദീര്‍ഘദൂര സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. തുറന്നു പ്രവര്‍ത്തിച്ച ഏതാനും കടകളും ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ സമരക്കാര്‍ എത്തി അടപ്പിച്ചു. ആലുവയില്‍ സ്വകാര്യ ബസുകള്‍ രണ്ടാം ദിനവും പണിമുടക്കി.
50 ഓളം ഷെഡ്യൂളുകളുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. വ്യാപാരശാലകള്‍ അടഞ്ഞുകിടന്നു. ഏതാനും ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിച്ചു. തൃപ്പൂണിത്തുറയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. വാണിജ്യ സ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകളും ഓട്ടോ, ടാക്സി എന്നിവയും നിരത്തുകളില്‍ നിന്ന് വിട്ടുനിന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ സ്റ്റാച്ച്യു ജംഗ്ഷനില്‍ വിശദീകരണ യോഗം നടത്തി.
കിഴക്കമ്പലത്ത് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടന്നു. വൈപ്പിന്‍ മേഖലയില്‍ ഹാര്‍ബറുകളടക്കം നിശ്ചലമായി. കിഴക്കന്‍ മേഖലയായ കോതമംഗലത്ത് പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഏതാനും ചില കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഏതാനും ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളടക്കം തുറന്നില്ല.
വിമാനത്താവളത്തിന്റെ പ്രവർത്തനം പതിവു പോലെ
നെടുമ്പാശേരി: പൊതുപണിമുടക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തത്തെ ബാധിച്ചില്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ഹാജർ സാധാരണ നിലയിലായിരുന്നു.
പ്രീപെയ്ഡ് ടാക്സി സർവീസും മെട്രോ ബസ് സർവീസും ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് വന്നു പോകുവാൻ ബുദ്ധിമുട്ടുണ്ടായില്ല. പൊതുമേഖലാ സ്ഥാപനമായ കാംകോയിലും ജീവനക്കാർ ഹാജരായി.