കാണാതായ വീട്ടമ്മയ്ക്കായി കായലിൽ തെരച്ചിൽ
1574535
Thursday, July 10, 2025 4:46 AM IST
പനങ്ങാട്: കുമ്പളത്ത് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയുടെ ചെരിപ്പ് കായലിനരികിൽ കണ്ടെത്തിയതോടെ ഫയർഫോഴ്സ് സ്കൂബാ ടീം കായലിൽ തെരച്ചിൽ നടത്തി.
കുമ്പളം തുരുത്തിപ്പറമ്പിൽ പരേതനായ ഗോപിയുടെ ഭാര്യ വനജ (60)യെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. ബുധനാഴ്ച ഉച്ചയോടെ കുമ്പളം നോർത്ത് കള്ള് ഷാപ്പിന് എതിർവശത്തുള്ള കായലിന് സമീപമാണ് ചെരിപ്പ് കണ്ടെത്തിയത്.
തുടർന്ന് പനങ്ങാട് പൊലീസും കടവന്ത്രയിൽ നിന്നെത്തിയ ഫയർഫോഴ്സും തിരച്ചിലാരംഭിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെ തെരച്ചിൽ അവസാനിപ്പിച്ച് സ്കൂബ ടീം മടങ്ങി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
പള്ളിയിൽ തിരി കത്തിക്കാനെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ വനജ പോയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചത്.