അഖിലേന്ത്യ പണിമുടക്ക് : മൂവാറ്റുപുഴയിൽ സംഘർഷം
1574540
Thursday, July 10, 2025 4:59 AM IST
മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കിൽ മൂവാറ്റുപുഴയിൽ സംഘർഷം. വെള്ളൂർക്കൂന്നത്ത് സമരാനുകൂലികൾ വഴിതടയാനെത്തിയതോടെയാണ് സംഘർഷത്തിനു തുടക്കം.
വെള്ളൂർക്കുന്നം റോഡിന്റെ ഒരു ഭാഗം ക്രെയിൻ ഉപയോഗിച്ചും മറുഭാഗം സമരാനുകൂലികൾ ഒത്തുകൂടിയും വാഹനങ്ങൾ പൂർണമായും തടഞ്ഞു.
വിമാനത്താവളത്തിലേക്കും, മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാൻ എത്തിയ വാഹനങ്ങൾ കൂടി തടഞ്ഞതോടെ നേരിയ തർക്കം ഉടലെടുത്തിരുന്നു. ഇതുവഴിയെത്തിയ കെഎസ്ആർടിസി ബസ് പ്രവർത്തകർ തടഞ്ഞ് തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് നിരവധി വാഹനങ്ങൾ വെള്ളൂർക്കുന്നം അന്പലത്തിനു മുന്നിലൂടെ റോഡിലൂടെ പോയത്. ഇക്കൂട്ടത്തിലൊരു കെഎസ്ആർടിസി ബസും പോകുന്നതറിഞ്ഞ് സമരാനുകൂലികൾ അലറി വിളിച്ചുകൊണ്ട് ഇടവഴിയിലേക്കെത്തി.
സമരാനുകൂലികളിൽ ഒരാൾ കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകർക്കുകയും ഡ്രൈവറെയും കണ്ടക്ടറേയും കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. കോഴിക്കോടു നിന്നും പാലായിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന്റെ ചില്ലുകളാണ് തകർത്തത്. ഇതിനിടെ ചില്ല് തകർത്ത ദൃശ്യങ്ങളും മറ്റും പകർത്താനെത്തിയ മാധ്യമ പ്രവർത്തകനെ സമരാനുകൂലികളിലൊരാൾ അക്രമിച്ചു.
അഖിലേന്ത്യ പണിമുടക്കിൽ നഗരത്തിലാകെ ഹർത്താൽ പ്രതീതിയായിരുന്നു ദൃശ്യമായിരുന്നത്. കടകന്പോളങ്ങളും പെട്രോൾ പന്പുകളും പൂർണമായും അടഞ്ഞു കിടന്നു. എന്നാൽ തുറന്നു പ്രവർത്തിച്ച ബാങ്ക്, ഹോട്ടൽ തുടങ്ങിയ ഏതാനും ചില സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു.
കോലഞ്ചേരിയിൽ പണിമുടക്ക് പൂർണം
കോലഞ്ചേരി: കോലഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും ദേശീയ പണിമുടക്ക് പൂർണമായിരുന്നു. ബഹുഭൂരിഭാഗം വാണിജ്യ സ്ഥാപനങ്ങളും ഹോട്ടലുകളും കടകന്പോളങ്ങളും ഓഫീസുകളും പ്രവർത്തിച്ചില്ല.
സ്വകാര്യ ബസുകൾ ഓടിയില്ലെങ്കിലും മൂവാറ്റുപുഴയിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി വിരളമായി ഓടിയിരുന്നു. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന കോലഞ്ചേരി ടൗണിൽ ഓട്ടത്തിനായി എത്തിയ ഓട്ടോറിക്ഷകൾ സമരാനുകൂലികൾ പറഞ്ഞുവിട്ടു. കാറുൾപ്പെടുന്ന സ്വകാര്യ വാഹനങ്ങളും ടൂവീലറുകളും നിരത്തുകളിൽ പല സമയത്തും ഓടുന്നുണ്ടായിരുന്നു.
കോലഞ്ചേരി പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന താത്കാലിക കടകൾ തുറന്നു പ്രവർത്തിച്ചു. ഇടത് പക്ഷ സംഘടനയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിലും കോണ്ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ അന്പലമുഗളിലും രാവിലെ വിശദീകരണ യോഗങ്ങളും പ്രകടനവും നടത്തി.