ചിലപ്പോള്‍ കത്തും...കോര്പറേഷന് തലവേദനയായി എല്‍ഇഡി തെരുവ് വിളക്കുകള്‍
1574799
Friday, July 11, 2025 5:06 AM IST
കൊച്ചി: ഊര്‍ജ സംരക്ഷണത്തിനായി നഗര വീഥികളിലെ വഴിവിളക്കുകള്‍ എല്‍ഇഡി സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് അടുക്കുമ്പോഴും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പകുതിയിലേറെ തെരുവ് വിളക്കുകളും പ്രവര്‍ത്തിക്കുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് കൗണ്‍സിലര്‍മാരുടെ ആക്ഷേപം. പരാതി ഉയരുന്ന സ്ഥലങ്ങളില്‍ ലൈറ്റുകള്‍ നന്നാക്കുമെങ്കിലും വീണ്ടും പ്രവര്‍ത്തന രഹിതമാകും. കൗണ്‍സിലില്‍ ഭരണപക്ഷമടക്കം ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ഡെപ്യൂട്ടി മേയര്‍ ഇന്ന് മീറ്റിംഗ് വിളിച്ചിട്ടുണ്ട്.
40 കോടി മുടക്കി കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നത്. ആദ്യ ഷെഡ്യൂള്‍ പ്രകാരം 2023 ഡിസംബറില്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതാണ്. പിന്നീട് 2024 ഡിസംബറിലേക്ക് നീട്ടി. നിലവിൽ ഈ മാസം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സിഎസ്എംഎല്‍ അധികൃതര്‍ അറിയിച്ചത്.
പൊന്നുരുന്നി, മണപ്പാട്ടിപ്പറമ്പ് റോഡ്, ഗിരിനഗര്‍, ഫോര്‍ട്ടുകൊച്ചി, എരുവേലി, കരിപ്പാലം, മട്ടാഞ്ചേരി, മൂലംകുഴി, ഇടക്കൊച്ചി, പള്ളുരുത്തി തുടങ്ങിയ മിക്ക സ്ഥലങ്ങളിലും എല്‍ഇഡിയിലേക്ക് മാറിയ മിക്ക തെരുവുവിളക്കുകളും പ്രവര്‍ത്തിക്കുന്നില്ല. കെഎസ്ഇബിയുടെ പിന്തുണയില്ലാത്തതാണ് കേടായ ലൈറ്റുകള്‍ നന്നാക്കുന്നത് കാലതാമസം നേരിടുന്നതിന്റെ പ്രധാന കാരണമായി സിഎസ്എംഎല്‍ ആരോപിക്കുന്നത്.
ഇപ്പോള്‍, പദ്ധതി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും അടുത്ത മാസം മുതല്‍ അറ്റകുറ്റപ്പണികള്ക്കായിരിക്കും മുഖ്യ പരിഗണനയെന്നും സിഎസ്എംഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ തെരുവ് വിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറുന്നതിന് മുന്‍പ് കോർപ റേഷന്റെ പ്രതിമാസ വൈദ്യുതി ബില്‍ ഏകദേശം 1.5 കോടി രൂപയായിരുന്നു.
2025 ഏപ്രിലില്‍ ബിൽ 1.24 കോടി രൂപയായും മേയില്‍ 1.33 കോടിയായും ജൂണില്‍ 1.29 കോടിയുമായും കുറഞ്ഞു. പദ്ധതി നടപ്പാക്കി കഴിഞ്ഞാല്‍ വൈദ്യുതി ബില്ലുകള്‍ 40 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്ന് കോര്പറേഷന് അവകാശപ്പെടുന്നു.
ഇന്ന് യോഗം ചേരും
കൊച്ചി: നഗരത്തിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം കാണുന്നതിനായി കൊച്ചി കോര്‍പറേഷനില്‍ ഇന്ന് പ്രത്യേക യോഗം ചേരും. മേയറുടെ അസാന്നിധ്യത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയയുടെ നേതൃത്വത്തിലാണ് യോഗം.
സിഎസ്എംഎലിന്റെയും കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചി കോര്പറേഷന് എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.