പണിമുടക്കിനിടെ അക്രമം: പ്രതികളെ റിമാൻഡ് ചെയ്തു
1574783
Friday, July 11, 2025 4:39 AM IST
മൂവാറ്റുപുഴ: പൊതുപണിമുടക്ക് ദിനത്തിൽ മൂവാറ്റുപുഴ നഗരത്തിൽ മാധ്യമ പ്രവർത്തകനെ ആക്രമിക്കുകയും കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മൂന്നുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പുളിഞ്ചോട് മറ്റത്തിൽ രാജഗോപാലൻ, പാലത്തിങ്കൽ ഷുക്കൂർ, രണ്ടാർ കാന്പകാലായിൽ അജാസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സമരാനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് പ്രാദേശിക മാധ്യമ പ്രവർത്തകൻ അനൂപ് സത്യനെ സംഘം ആക്രമിച്ചത്.
മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അനൂപ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സിഐ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ ഉടൻ പിടികൂടിയിരുന്നു.