ചായക്കടയിൽ കയറി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു
1574778
Friday, July 11, 2025 4:39 AM IST
കോലഞ്ചേരി: പഴന്തോട്ടത്തിനു സമീപം പുളിഞ്ചോട്ടിൽ കവലയിലെ ചായക്കടയിൽ കയറി യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. പെരിങ്ങോൾ കണ്യാട്ടുകുടിയിൽ സാറാക്കുട്ടി ബിനോയി (49) യെയാണ് സമീപത്ത് വാടകയ്ക്കു താമസിക്കുന്ന പ്രതി ആറന്മുള പള്ളിയമ്പിൽ ശ്രീനാഥ് രംഗൻ(37) ആക്രമിച്ചത്. ഇയാളെ ഓടിക്കൂടിയ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാരുന്നു സംഭവം. യുവതിയുടെ കടയിൽ ചായ ചോദിച്ചെത്തിയ പ്രതി ചായയെടുക്കാൻ ഇവർ തിരിയുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തി കഴുത്തിൽവച്ച് ഇവരുടെ മാല ആവശ്യപ്പെടുകയായിരുന്നു. പ്രതിയെ തള്ളി മാറ്റുന്നതിനിടെ യുവതിയുടെ കഴുത്തിനും കൈവിരലിനും പരുക്കേറ്റു.
പുളിഞ്ചുവടിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി. പരിക്കേറ്റ യുവതി കോലഞ്ചേരി മെഡിക്കൽ കോളജിൽ അടിയന്തിര ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു.