കളക്ടറേറ്റ് സ്ഫോടനത്തിന് ഇന്ന് 16 വയസ്
1574522
Thursday, July 10, 2025 4:31 AM IST
കാക്കനാട്: നാട് ഞെട്ടിവിറച്ച എറണാകുളം കളക്ടറേറ്റ് സ്ഫോടനത്തിന് ഇന്ന് 16 വയസ്. ബോംബ് വച്ചത് ആരാണെന്നോ എന്തിനുവേണ്ടിയെന്നോ കണ്ടെത്താൻ കഴിയാതെ അന്വേഷണം ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണെങ്കിലും തീവ്രവാദ വിരുദ്ധ സ്ക്വാഡും, ലോക്കൽ ആഭ്യന്തര സുരക്ഷാ വിഭാഗം, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിൽ നിന്നായി 200 ലധികം ഉദ്യോഗസ്ഥർ മാസങ്ങളോളം അന്വേഷിച്ചിട്ടും ഇന്നോളം ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു കിലോമീറ്റർ ദൂരത്തിലാണ് അന്ന് സ്ഫോടന ശബ്ദം ഉയർന്നത്.
2009 ജൂലൈ 10 ന് ഉച്ചക്ക് മൂന്നിന് ആയിരത്തോളം ജീവനക്കാരും അഞ്ഞൂറോളം ജീവനക്കാരും കളക്ടറേറ്റ് സമുച്ചയത്തിന്റെ അഞ്ചാം നിലയിൽ നടന്ന സ്ഫോടനത്തിൽ ഞെട്ടിവിറച്ചു. സർവേ വിഭാഗത്തിലെ ഒരു ജീവനക്കാരനും അന്ന് നിസാര പരിക്കേറ്റു. ജീനക്കാരെ മുതൽ പാഴ്ക്കടലാസ് ഏജൻസികളെ വരെ ചോദ്യം ചെയ്തു.
അന്വേഷണം രാജ്യാതിർത്തി വിട്ടും വ്യാപിപ്പിച്ചെങ്കിലും കുറ്റക്കാരിൽ ഒരാളെയും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തടിയന്റവിടെ നസീറിന്റെ പങ്കും അന്വേഷിച്ച സംഘം സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും, മറ്റു രണ്ടുപേർ ഗൾഫ് നാടുകളിലേക്കും കടന്നതായും സംശയിച്ചു.
ബോംബ് സ്ഫോടനത്തിനു ശേഷം കളക്ട്രേറ്റിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും വളപ്പാകെ പാഴ്മരങ്ങളും, വള്ളിച്ചെടികളും പുല്ലും വളർന്ന് ശ്മശാന സമാനമായി കിടക്കുകയാണ്.
മോട്ടോർ വാഹന വകുപ്പ് പല ഘട്ടങ്ങളിലായി പിടിച്ചിട്ട ഒട്ടേറെ വാഹനങ്ങളും തുരുമ്പെടുത്ത് കിടക്കുന്ന കലക്ടറേറ്റ് വളപ്പ് സുരക്ഷയില്ലാത്ത ഇടമായി മാറിക്കഴിഞ്ഞു. കളക്ടറേറ്റ് പരിസരം വൃത്തിയാക്കാനുള്ള ഒരു നടപടിയും ജില്ലാ ഭരണകൂടം കൈക്കൊള്ളാത്തതും അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്.