ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് ഭർത്താവ് മരിച്ചു
1574643
Thursday, July 10, 2025 11:07 PM IST
കോതമംഗലം: ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. നാടുകാണി ഏറുന്പുറം നഗറിൽ വട്ടത്തറ വി.കെ. ഭാസി (68) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മലയിൻകീഴ് കുന്പളത്തുമുറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ഭാര്യ അമ്മിണിയുമൊത്ത് സ്കൂട്ടറിൽ കോതമംഗലത്ത്നിന്ന് നാടുകാണിയിലേക്ക് വരവെ എതിർദിശയിൽനിന്നു വരികയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഭാസിയുടെ തലയ്ക്കും മുഖത്തും പരിക്കും കാലുകൾ വട്ടം ഒടിയുകയും മൂന്നു വാരിയെല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തിരുന്നു. അമ്മിണിയുടെ ഇടുപ്പെല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റ ഇരുവരെയും ഇടിച്ച വാഹനത്തിൽ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് ഭാസി മരിച്ചത്.
ഊഞ്ഞാപ്പാറ കാഞ്ഞികുന്ന് ഭാഗത്ത് തട്ടുകട നടത്തിവരുകയായിരുന്നു ഭാസി. സംസ്കാരം ഇന്ന് നാലിന് വാക്കത്തിപ്പാറ എസ്സി ശ്മശാനത്തിൽ. മക്കൾ: ബാബു, ബൈജു.