ആലുവ നഗരസഭാ ശതാബ്ദി ആഘോഷം: മുൻ സെക്രട്ടറിയെയും എതിർകക്ഷിയാക്കി
1574771
Friday, July 11, 2025 4:25 AM IST
ആലുവ: ശതാബ്ദി ആഘോഷ ഭാഗമായി നടത്തിപ്പ് കമ്മിറ്റി രൂപീകരിച്ചതും ആലുവ നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണപ്പിരിവ് നടത്തിയതും ചട്ടവിരുദ്ധമെന്ന് തദ്ദേശവകുപ്പ് ഓംബുഡ്സ്മാൻ.
സ്വാഗത സംഘം രൂപീകരിച്ച നടപടി ക്രമങ്ങളുടേയും ബാങ്ക് അക്കൗണ്ട് വഴി നടന്ന പണമിടപാടുകളുടേയും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ നഗരസഭ സെക്രട്ടറിയ്ക്ക് ഓംബുഡ്സ്മാൻ നോട്ടീസ് നൽകി.
പരാതി വിഷയവുമായി ബന്ധപ്പെട്ട കാലയളവിലെ ആലുവ നഗരസഭാ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷാഫിയെ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് പുറമേ മൂന്നാം എതിർ കക്ഷിയായി ചേർക്കാനും ഓംബുഡ്സ്മാൻ ഉത്തരവായി. പ്രതിപക്ഷ കൗൺസിലറായ എൻ. ശ്രീകാന്തിന്റെ പരാതിയിലാണ് തുടർ നടപടി.
2021 ൽ ഒരു വർഷം നീണ്ടു നിന്ന നഗരസഭ ശതാബ്ദി ആഘോഷങ്ങൾ നടത്തുന്നതിനായി ശതാബ്ദി ആഘോഷ കമ്മിറ്റി രൂപീകരിച്ചിരുന്നു. അനുവദനീയമായതിനേക്കാൾ കൂടുതൽ അംഗങ്ങളെ ചേർത്തതാണ് പ്രധാനപ്പെട്ട ക്രമക്കേട് ആയി ഓംബുഡ്സ്മാൻ വിലയിരുത്തിയത്.
നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് കമ്മിറ്റികൾ രൂപീകരിക്കുമ്പോൾ മുനിസിപ്പൽ ആക്ട് പ്രകാരം മൂന്നിലൊന്ന് അംഗങ്ങളെ മാത്രമെ പുറത്ത് നിന്ന് ഉൾപ്പെടുത്താനാകൂ. മാത്രമല്ല നിയമിക്കപ്പെടുന്ന ആളുകളുടെ എണ്ണം കമ്മിറ്റിയിലെ അംഗങ്ങളുടെ ആകെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കവിയാൻ പാടില്ല.
നഗരസഭയ്ക്ക് പുറത്ത് നിന്നുള്ളവരേയും ഉൾപ്പെടുത്തി ജംബോ കമ്മിറ്റി ഉണ്ടാക്കിയത് ഇതൊന്നും പാലിച്ചില്ലെന്നാണ് പരാതി. പല കമ്മിറ്റികളുടേയും ചുമതലയിൽ നിന്ന് ആലുവയിലെ കൗൺസിലർമാരെ ഒഴിവാക്കി പകരം ചേർത്തത് ആലുവ നിവാസികളല്ലാത്ത വ്യക്തികളെയാണ്.
ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് തുടങ്ങിയത് നഗരസഭയുടെ പാൻനമ്പർ ഉപയോഗിച്ചാണ്. അതിനാൽ നഗരസഭ സെക്രട്ടറിയാണ് ബാങ്ക് അക്കൗണ്ടും കൈകാര്യം ചേയ്യേണ്ടത്. എന്നാൽ സെക്രട്ടറിയുടെ ഒപ്പും സീലും ഒഴിവാക്കിയാണ് പണമിടപാട് നടന്നത്.
ഇതും ചട്ടലംഘനത്തിൽ വരുന്നതിനാൽ ആരാണ് പണം കൈകാര്യം ചെയ്തതെന്ന വിശദീകരണവും 15 ദിവസിത്തിനകം സമർപ്പിക്കാൻ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ഡി. രാജൻ ആലുവ നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.