ടൂറിസം പദ്ധതി കടലാസിൽ : പെരിയാറിലെ പരുന്തുറാഞ്ചി മണപ്പുറം നശിക്കുന്നു
1574764
Friday, July 11, 2025 4:25 AM IST
ബോബൻ ബി. കിഴക്കേത്തറ
ആലുവ: പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതി പതിനാല് വർഷമായി കടലാസിൽ ഒതുങ്ങിയതോടെ പെരിയാറിലെ പരുന്തുറാഞ്ചി ചെറുദ്വീപ് നാശത്തിന്റെ വക്കിൽ. ആലുവ മണപ്പുറത്തെ ഹരിത വനവുമായി ബന്ധിപ്പിച്ച ബോട്ട് ജെട്ടിയും സ്റ്റേജുമെല്ലാം നിർമിച്ചെങ്കിലും ലക്ഷങ്ങൾ വെള്ളത്തിലായി. നിറയെ മണൽ പരന്ന് 40 ഏക്കറോളം വിസ്തീർണം ഉണ്ടായിരുന്ന ചെറു ദ്വീപിന്റെ മനോഹാരിത നിലനിർത്താൻ വിനോദ സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്.
അതിനായി മാറി മാറി വരുന്ന മന്ത്രിമാർ വാഗ്ദാനങ്ങൾ നടത്താറുണ്ട്. 2010 ൽ ഒക്ടോബറിൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ് ണനാണ് എക്കോ-ടൂറിസം പ്രോജക്റ്റ് പ്രഖ്യാപിച്ച് ആദ്യഘട്ട നിർമാണങ്ങൾക്ക് തുടക്കമിട്ടത്.എന്നാൽ പദ്ധതി മുന്നോട്ട് കൊണ്ടു പോകേണ്ട ജില്ലാ ടൂറിസം കൗൺസിൽ താത്പര്യം എടുത്തില്ല. ലക്ഷക്കണക്കിന് രൂപ മുടക്കി പരുന്ത് റാഞ്ചിയിൽ നിർമിച്ച സ്റ്റേജ് നശിച്ചുപോയി.
കടവുകൾ കേന്ദ്രീകരിച്ച് അനധികൃതമായി മണൽ വാരിക്കൊണ്ടു പോയി. മേൽമണൽ തീർന്നപ്പോൾ മണൽത്തിട്ട തന്നെ ഇടിച്ചെടുത്ത് കടത്തി. സീപോർട്ട്-എയർപോർട്ട് ഭാഗമായി പെരിയാറിന് കുറുകെ പാലങ്ങൾ വന്നപ്പോൾ മണൽക്കടത്തിന് വേഗവും കൂടി. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ പരുന്ത് റാഞ്ചിയിൽ മണലിന് പകരം ചെറുകാടുകളും പുൽപ്പരപ്പുകളും ചെളിയുമാണ്.
നിലവിൽ 25 ഏക്കർ വരുന്ന ചെറു ദ്വീപ് നിലനിർത്താൻ സർക്കാർ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടുന്നത്. ആലുവ മണപ്പുറത്തിനും മഹിളാലയം പാലത്തിനും നടുവിൽ വരുന്ന പരുന്ത് റാഞ്ചി മണപ്പുറം ചെങ്ങമനാട് പഞ്ചായത്തിന് കീഴിലാണ് വരുന്നത്.
ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാൻ വഞ്ചി വാടകയ്ക്ക് എടുത്ത് ചെറു സംഘങ്ങൾ എത്താറുണ്ട്.
പോത്തുകളേയും പശുക്കളേയും ഇവിടേയ്ക്ക് ഉടമകൾ അഴിച്ചുവിടുന്നതിനാൽ അധികനേരം സന്ദർശകർക്ക് തങ്ങാനാവില്ല. എത്തിച്ചേരാൻ സൗകര്യമൊരുക്കുകയും പരുന്ത് റാഞ്ചി മണപ്പുറത്തെ ചുറ്റും കെട്ടി സംരക്ഷിക്കുകയും ചെയ്താൽ നല്ലൊരു ടൂറിസം കേന്ദ്രമാക്കി കേന്ദ്രമാക്കി മാറ്റുവാൻ സാധിക്കും. മറുകരയിലെ സംസ്ഥാന സീഡ് ഫാമിലേക്ക് സോളാർ ബോട്ട് എത്തിയിട്ടുണ്ട്.
ഈ ഗതാഗത സംവിധാനം ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്തിൽ നിന്ന് ഉപയോഗിച്ച് ആലുവയുടെ വിനോദ സഞ്ചാര സാധ്യത ഉപയോഗിക്കണമെന്നാണ് പ്രകൃതി സ്നേഹികൾ ആവശ്യപ്പെടുന്നത്.