നേര്യമംഗലം - വാളറ : ‘ദേശീയപാത നിർമാണം നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ അന്വേഷണം വേണം’
1575065
Saturday, July 12, 2025 4:50 AM IST
കോതമംഗലം: ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുവാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും സർക്കാരും ബന്ധപ്പെട്ടവരും അറിയാതെയാണോ സർക്കാർ ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും നിലപാട് എടുക്കുന്നതും സത്യവാങ്മൂലം നൽകുന്നതും എന്ന് അറിയുവാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്.
വനംവകുപ്പ് അധികൃതരുടെയും കപട പരിസ്ഥിതിവാദികളുടെയും ഗൂഢ നീക്കവും രാഷ്ട്രീയ നേതൃത്വങ്ങളുടെ നിസംഗതയുമാണ് ഉദ്യോഗസ്ഥർ തോന്നിയവാസം കാണിക്കാൻ സാഹചര്യം ഒരുക്കുന്നത്. ദേശീയപാതയുടെ ഇരുവശവും ആകെ നൂറടി വീതിയിൽ വനം വകുപ്പിന് അധികാരമില്ലെന്നും ഇത് റവന്യൂ ഭൂമിയാണെന്നുമുള്ള മുൻ കോടതി ഉത്തരവ് മറച്ചുവച്ചുകൊണ്ട് അപൂർണമായ സത്യവാങ്മൂലമാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്നത്.
ഇതിനാലാണ് ഈ കോടതിവിധി എതിരായി തീർന്നത്. ജനപക്ഷത്തു നിന്നുകൊണ്ടുള്ള മനുഷ്യത്വപരമായ സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കാതെ വരുമ്പോൾ അവരെ തിരുത്തുവാനും നിലയ്ക്കു നിർത്തുവാനും ഭരണ നേതൃത്വം തയാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു.