പട്ടികജാതി വിദ്യാർഥിയെ മർദിച്ച സംഭവം: 18ന് പോലീസ് സ്റ്റേഷൻ മാർച്ച്
1575056
Saturday, July 12, 2025 4:39 AM IST
വൈപ്പിൻ: പൂഞ്ഞാർ ജി.വി. രാജാ സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഞാറക്കൽ മാരാത്തറ സാജുവിന്റെ മകൻ ആദിത്യ(15)നെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ പോലീസ് നടപടികൾ ഇഴയുന്നുവെന്നാരോപിച്ച് 18ന് എസ്സി -എസ്ടി സംയുക്ത സമിതി ഞാറക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
രാവിലെ 11 നാണ് മാർച്ച്. കഴിഞ്ഞ15ന് പെരുമ്പിള്ളിയിൽ ഉള്ള ഫുട്ബോൾ ടർഫിൽവച്ചാണ് മർദനം നടന്നത്. ഞാറക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾ പ്രായപൂർത്തിയായവരല്ലെന്ന് പറഞ്ഞ് പോലീസ് ജുവനൈൽ ബോർഡിനു റിപ്പോർട്ടു നൽകുക മാത്രമാണ് ചെയ്തത്.
അതേസമയം പ്രതികളിൽ 18 വയസ് പൂർത്തിയായ രണ്ടുപേർ ഉണ്ടായിരുന്നുവെന്നും അവരെ പോലീസ് വെറുതെ വിട്ടയച്ചെന്നുമാണ് ആരോപണം. ഇവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസുകൾ എടുക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നത്.