വിളയോടി റോഡിൽ അപകട ഭീഷണിയായി പാഴ്ചെടികൾ
1430738
Saturday, June 22, 2024 1:19 AM IST
ചിറ്റൂർ: വിളയോടി- താമരക്കുളം വളവുപാതയുടെ ഇരുവശത്തും കാഴ്ചമറച്ചു വളർന്നു പന്തലിച്ച പാഴ്ചെടികൾ വാഹന സഞ്ചാരികൾക്കു അപകട ഭീഷണിയായി. വളവുപാതയ്ക്ക് വീതിക്കുറവുമുണ്ട്. റോഡിന്റെ പടിഞ്ഞാറുവശം കുളമാണ്. പകൽസമയത്തു പോലും പാഴ്ചെടികൾ കാരണം കുളം അറിയാതെ റോഡരികിലൂടെ സഞ്ചരിക്കുന്നത് അപകടഭീഷണിയായിട്ടുണ്ട്.
റോഡിന്റെ വിസ്താരക്കുറവ് കാരണം ഇരുവശത്തും വലിയ വാഹനങ്ങളെത്തിയാൽ മറികടക്കാൻ ഏറെ സമയം വേണ്ടിവരും. ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച അപകടങ്ങളും നടന്നിട്ടുണ്ട്. പാഴ്ചെടികൾക്കിടയിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായകളും പന്നിയുമെല്ലാം ഇരുചക്ര വാഹന സഞ്ചാരികൾക്ക് അപകട കാരണമാവുന്നുണ്ട്. സ്കൂൾബസ്, സ്വകാര്യ ബസുകൾക്കു പുറമെ നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചാരിക്കുന്ന പാതയിലാണ് പാഴ്ചെടികൾ അപകട ഭീഷണിയാകുന്നത്.