ക്വാറികൾ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് അലനല്ലൂരിൽ പ്രതിഷേധധർണ
1436497
Tuesday, July 16, 2024 1:23 AM IST
മണ്ണാർക്കാട്: അലനല്ലൂർ ക്വാറി- ക്രഷർ വിരുദ്ധസമതി അലനല്ലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധധർണ നടത്തി. പരിസ്ഥിതിപ്രവർത്തകൻ കെ.പി.എസ് പയ്യനടം സമരം ഉദ്ഘാടനം ചെയ്തു.
വിവിധ കക്ഷിരാഷ്ട്രീയനേതാക്കൾ, ജനപ്രതിനിധികൾ പ്രസംഗിച്ചു.
അലനല്ലൂർ പഞ്ചായത്ത് എടത്തനാട്ടുകര ഭാഗത്ത് മൂന്ന്, നാല് വാർഡുകളിലെ കോട്ടപ്പള്ള, ചൂരിയോട്, മണ്ഡപകുന്ന് പ്രാദേശങ്ങളിലെ ജനങ്ങൾക്കു ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം തുടരാൻ അനുവദിക്കില്ലെന്നു നേതാക്കൾ പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിന് പ്രദേശവാസികൾ സമരത്തിൽ അണിനിരന്നു. പ്രകടനം പഞ്ചായത്ത് ഓഫീസിനുമുന്നിൽ പോലീസ് തടഞ്ഞു.
സമരസമിതി നേതാക്കൾ പഞ്ചായത്ത് അധികൃതർക്ക് മെമ്മോറാണ്ടം കൈമാറി. സമരസമിതി ചെയര്മാന് എ. അബ്ദുള്‍ റസാഖ്, കെ. ഭാസ്കരന്, പി. ഉസ്മാന്, ഒ.പി. നിജാസ്, പി. മണികണ്ഠന്,കെ.വി. അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.