പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു; നടപടിയെടുക്കാതെ ജല അഥോറിറ്റി
1577549
Monday, July 21, 2025 1:52 AM IST
നെന്മാറ: കുടിവെള്ള വിതരണ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല. ആഴ്ചകളായി പൈപ്പുപൊട്ടി വെള്ളം റോഡിനുനടുവിലൂടെ ഒഴുകാൻ തുടങ്ങിയതോടെ കരിങ്കുളം അയിലൂർ പൊതുമരാമത്ത് റോഡിൽ കുഴികളും രൂപപ്പെട്ടു.
പ്രദേശവാസികൾ കല്ലും ചാക്കുകളുമിട്ട് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. വെള്ളം വിതരണം ചെയ്യുന്ന സമയത്ത് ശക്തമായി റോഡിനടിയിൽ നിന്നും വെള്ളം പുറത്തൊഴുകുന്നുണ്ട്. വെള്ളം വിതരണം നിലയ്ക്കുന്നതോടെ പൊട്ടലുണ്ടായതിനുശേഷം ഉള്ള കുറുമ്പൂർ മേഖലയിലുള്ള വീടുകളിലെ ടാപ്പിലൂടെ ചെളിവെള്ളം വരുന്നതായും പരാതി പറയുന്നു.
സമഗ്ര കുടിവെള്ള പദ്ധതി പ്രകാരം ജലജീവൻ മിഷൻ നടപ്പിലാക്കിയ പോത്തുണ്ടിയിൽ നിന്നുള്ള കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പാണിത്. നിരവധി തവണ പ്രദേശവാസികൾ നെന്മാറ വാട്ടർ അഥോറിറ്റിയിൽ വിവരമറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല.