ഇടക്കുർശി- പാലക്കയം റോഡ് അപകടാവസ്ഥയിൽ
1578087
Wednesday, July 23, 2025 1:29 AM IST
കല്ലടിക്കോട്: വിനോദ സഞ്ചാരികളടക്കം നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന ഇടക്കുർശി- പാലക്കയം- ശിരുവാണി റോഡ് അപകടാവസ്ഥയിൽ.
സംരക്ഷണഭിത്തിയില്ലാതെ ഏതുസമയവും ഇടിഞ്ഞുവീഴാമെന്ന നിലയിലാണ്. ഇരുട്ടായാൽ തെരുവുവിളക്കുകളും ഇല്ല. 1975ൽ കോയമ്പത്തൂരിലേക്കു കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി തമിഴ്നാട് സർക്കാർ നിർമിച്ചതാണീ റോഡ്.
പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ ഇടക്കുർശിയിൽനിന്നും ശിരുവാണിഡാം വരെയുള്ള 22 കിലോമീറ്റർ റോഡാണ് അപകടാവസ്ഥയിലായിട്ടുള്ളത്.
ഈ റോഡിന്റെ പരിചരണവും അറ്റകുറ്റപ്പണികളും സംരക്ഷണവും തമിഴ്നാട് സർക്കാരാണ് ചെയ്യുന്നത്. എല്ലാവർഷവും റോഡ് സംരക്ഷണപ്രവർത്തനങ്ങൾ നടത്താമെന്നും വശങ്ങൾകെട്ടി റോഡിന്റെ ഇടിച്ചിൽ തടയാമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമായിരുന്നു ഇരുസംസ്ഥാന സർക്കാരുകളും തമ്മിലുണ്ടാക്കിയ കരാറിലുണ്ടായിരുന്നത്.
കുറച്ചു വർഷങ്ങളായി തമിഴ്നാട് സർക്കാർ ഈ റോഡ് സംരക്ഷിക്കുന്നില്ലെന്ന പരാതിയുണ്ട്. നിരവ് മുതൽ ഇരുമ്പാമുട്ടി ക്ഷേത്രത്തിനു താഴെവരെ റോഡ് പൂർണമായും തകർന്നു.
ഇരുചക്രവാഹനങ്ങൾപോലും കടന്നുപോകാൻ പ്രയാസമാണ്. മരങ്ങൾ വളർന്നും വശങ്ങൾ തകർന്നും തെരുവുവിളക്കുകൾ ഇല്ലാതെയും യാത്രക്കാർ കഷ്ടപ്പെടുകയാണ്.
കാട്ടാനകളും പുലി, കടുവ, മാൻ, കുരങ്ങുകൾ തുടങ്ങിയവ റോഡിലൂടെ ഇറങ്ങി കൃഷിയിടങ്ങളിലും വീടുകൾക്കു സമീപവും എത്താറുണ്ട്. പ്രദേശവാസികൾ കാട്ടുമൃഗങ്ങളെ പേടിച്ച് രാത്രി പുറത്തിറങ്ങാറുപോലുമില്ല.
തെരുവുവിളക്കുകൾ സ്ഥാപിക്കുകയും റോഡിന്റെ വശങ്ങൾകെട്ടി പൊട്ടിപ്പൊളിഞ്ഞ റോഡ് ടാർചെയ്ത് നന്നാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.