വിഎസിന്റെ ഓർമകളിൽ മുൻഡ്രൈവർ സുന്ദരൻ
1578085
Wednesday, July 23, 2025 1:29 AM IST
ജോജി തോമസ്
നെന്മാറ: അളുവശേരി സുന്ദരൻ എന്ന അന്പത്തിയഞ്ചുകാരന് വി.എസ്. അച്യുതാനന്ദനുമായുള്ളത് വളരെ വൈകാരികമായ ബന്ധം. 27 വർഷക്കാലം വിഎസിന്റെ സ്വകാര്യ ഡ്രൈവറായി സേവനം ചെയ്ത കാലം സുന്ദരൻ ഓർത്തെടുക്കുന്നു.
കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ സ്നേഹിച്ചുവന്ന വി.എസുമായുള്ള നാളുകൾ യാത്രയിൽ വിഎസിന്റെ ഇഷ്ടഗാനങ്ങൾ, വായിക്കാനുള്ള പത്രങ്ങൾ, അവശ്യവസ്തുക്കൾ, കുടിക്കാനുള്ള ചൂടുവെള്ളം എന്നിവ കരുതുന്നതും പാലക്കാട് മലമ്പുഴയിൽ വരുമ്പോഴുള്ള ചിട്ടവട്ടങ്ങളും സുന്ദരൻ ഓർത്തെടുത്തു.
കർക്കശക്കാരനാണെങ്കിലും യാത്രയ്ക്കിടയിൽ കാറിലെ പാട്ടു കേൾക്കുന്നതു വിഎസിനു ഇഷ്ടമായിരുന്നു. എൽഡിഎഫ് കൺവീനറായതു മുതൽ മുഖ്യമന്ത്രിയായ കാലത്തും പ്രതിപക്ഷ നേതാവായ കാലത്തും ഭരണപരിഷ്കാര കമ്മീഷനായപ്പോഴും സുന്ദരനെ വിഎസ് മാറ്റിനിർത്തിയില്ല.
ഭരണകാര്യങ്ങളിൽ വലിയ കർക്കശക്കാരനാണെങ്കിലും തന്നെപ്പോലുള്ള ജീവനക്കാരോടു സൗമ്യസ്വഭാവത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളൂവെന്നും സുന്ദരൻ ഓർത്തെടുക്കുന്നു.
വലിയ തിരക്കുപിടിച്ച സമയത്തും തന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻവേണ്ടി ഡൽഹിയിൽനിന്നു കുഴൽമന്ദത്തെ കല്യാണമണ്ഡപത്തിലെത്തിയത് താനുമായുള്ള ആത്മബന്ധം കൊണ്ടാണെന്നും സുന്ദരൻ പറഞ്ഞു. മരണവാർത്ത അറിഞ്ഞതോടെ വിഎസിനെ അവസാനമായി ഒരുനോക്കുകാണാൻ സുന്ദരൻ തിരുവനന്തപുരത്താണുള്ളത്.