എം.കെ. സ്റ്റാലിൻ കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകൾ സന്ദർശിക്കും
1577554
Monday, July 21, 2025 1:52 AM IST
കോയന്പത്തൂർ: കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 22 ന് കോയന്പത്തൂരിലെത്തും.
കോയമ്പത്തൂർ വിമാനത്താവളത്തിൽ ഡിഎംകെ എക്സിക്യൂട്ടീവുകളും വോളന്റിയർമാരും മുഖ്യമന്ത്രിയെ സ്വീകരിക്കും. അവിടെനിന്ന് കാറിൽ പുറപ്പെട്ട് തിരുപ്പൂർ ജില്ലയിലെ പല്ലടം, ഉടുമല എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
തിരുപ്പൂർ കോർപ്പറേഷൻ പൊതുജനങ്ങൾക്കായി നിർമ്മിച്ച കോവിൽവഴി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യും.
വേലംപാളയത്ത് പുതിയ സർക്കാർ ആശുപത്രിയും ബസ്സ്റ്റാൻഡും ഉദ്ഘാടനം ചെയ്യും. 23 ന് പൊള്ളാച്ചിയിലേക്ക് പോകും. ഉടുമലയിലെ നേതാജി മൈതാനത്ത് സർക്കാർ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും വിവിധ സർക്കാർ വകുപ്പുകൾക്കുവേണ്ടി ഗുണഭോക്താക്കൾക്ക് ക്ഷേമസഹായം വിതരണവും നിർവഹിക്കും.
പൊള്ളാച്ചി- ഉടുമല റോഡ് ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ഓഫീസ് പരിസരത്ത് നേതാക്കളായ പെരുന്തലൈവർ കാമരാജ്, സുബ്രഹ്മണ്യം, മഹാലിംഗം എന്നിവരുടെ പ്രതിമകൾ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും.
തുടർന്ന് കോയമ്പത്തൂരിലെത്തി കോയമ്പത്തൂർ മാസ്റ്റർ പ്ലാൻ പദ്ധതിയെക്കുറിച്ചുള്ള സ്വകാര്യ ഹോട്ടലിൽ നടക്കുന്ന കൂടിയാലോചനാ യോഗത്തിൽ പങ്കെടുക്കും.
തിരുപ്പൂർ, ഉദുമലൈപേട്ട്, മടത്തുകുളം എന്നിവിടങ്ങളിൽ മുഖ്യമന്ത്രി റോഡ് ഷോകൾ നടത്തും.