രാഷ്ട്രീയം മറന്ന് വിഎസിനെ നെഞ്ചിലേറ്റി നാട്
1577844
Tuesday, July 22, 2025 2:06 AM IST
വടക്കഞ്ചേരി: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗവാർത്ത രാഷ്ട്രീയ നിറങ്ങൾക്കപ്പുറം നാടിന്റെ മുഴുവൻ വേദനയായി മാറി. വിഎസിന്റെ ഓർമകളിലൂടെയായിരുന്നു ഇന്നലെ വൈകുന്നേരം പരസ്പരം കണ്ടുമുട്ടുന്നവരെല്ലാം സംസാരിച്ചത്. ഉമ്മൻ ചാണ്ടിക്ക് പിന്നാലെ മറ്റൊരു ജനകീയനേതാവ് നമ്മെ വിട്ടുപോകുന്നു എന്ന സങ്കടത്തോടെയുള്ള അഭിപ്രായപ്രകടനങ്ങളായിരുന്നു.
എന്തോ ഒരു ശൂന്യത നിഴലിക്കുന്നപോലെ, വിപ്ലവനായകന്റെ വിയോഗത്തെ അങ്ങനെയാണ് പലരും വിലയിരുത്തിയത്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി നേതാവായും പലതവണ അച്യുതാനന്ദൻ വടക്കഞ്ചേരിയിൽ എത്തിയിട്ടുണ്ട്. ജാഥകളുടെയും യാത്രകളുടെയും ജില്ലാതല സമാപനം പലപ്പോഴും വടക്കഞ്ചേരിയിൽ നടക്കുന്നതിനാൽ സംസ്ഥാന, ദേശീയ നേതാക്കൾക്കൊപ്പം വിഎസും വടക്കഞ്ചേരിയിൽ എത്തുമായിരുന്നു. പ്രസംഗത്തിലെ വാക്കുകളുടെ ആവർത്തനവും ചുരുക്കലുകളും മുതൽ അഴിമതിക്കാർക്കും വമ്പന്മാർക്കുമെതിരെയുള്ള ആക്രോശങ്ങളും കേട്ട് ജനം കൈയടിച്ച് വിഎസിന് പിന്തുണ നൽകും.
2009 ഒക്ടോബർ 31ന് ആലത്തൂർ നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കാൻ മംഗലംഡാമിൽ എത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസായിരുന്നു. ഡാം സ്കൂൾ ജംഗ്ഷനിൽ നിന്നും സ്വീകരിച്ചാണ് അന്ന് ഉദ്ഘാടന വേദിയിലേക്ക് അദ്ദേഹത്തെ ആനയിച്ചത്. വിഎസ് എവിടെ വരുമ്പോഴും അവിടെ സിപിഎംകാർ മാത്രമല്ല പരിപാടികൾക്കെത്തുക. കൊടികളുടെ നിറം മാറ്റിവച്ച് നാട് മുഴുവൻ യോഗസ്ഥലത്തേക്ക് പ്രവഹിക്കും. വിഎസ് ജനങ്ങൾക്കെല്ലാം ഒരു ഹരമായിരുന്നു. തങ്ങളുടെ ഇല്ലായ്മകൾ, ആവശ്യങ്ങൾ കേൾക്കാനും അത് പരിഹരിക്കാനും ഒരാളുണ്ട് എന്ന തോന്നൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ടായിരുന്നു. ആ നല്ലകാലവും ഇനി ഓർമയാകും.