ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില് വൈദ്യുതിസുരക്ഷാ ഓഡിറ്റ് നടത്തും
1578366
Thursday, July 24, 2025 1:47 AM IST
പാലക്കാട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റ് നടത്തും.
വൈദ്യുതിസുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസുകളും നല്കും. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഇലക്ട്രിക്കൽ ആക്സിഡന്റ് പ്രിവൻഷൻ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. കൊല്ലം തേവലക്കരയിൽ സ്കൂൾവിദ്യാർഥി വൈദ്യുതാഘാതംമൂലം മരണപ്പെട്ടതിനെത്തുടർന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശമനുസരിച്ചാണ് യോഗം ചേർന്നത്.
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
വൈദ്യുതിസുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ നിർദേശിച്ചു.
ആരോഗ്യസ്ഥാപനങ്ങളിലും, സ്കൂൾ, കോളജ്, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇലക്ട്രിക്കൽ സേഫ്റ്റി ഓഡിറ്റ് നടത്തി പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരം കണ്ടെത്തണം.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, വനിതാ- ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ഓഡിറ്റ് നടക്കുന്നുണ്ടോയെന്നു പ്രത്യേകം ശ്രദ്ധിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മുകളിലൂടെ സജീവമായ ഇലക്ട്രിക്കൽ ലൈനുകൾ കടന്നുപോകുന്നില്ലെന്നു ഉറപ്പുവരുത്താൻ കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നിർദേശം നൽകി.
കെഎസ്ഇബിയും വിദ്യാഭ്യാസവകുപ്പും ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങളും ക്ലാസുകളും വിപുലമായി നടത്തുന്നുണ്ടെന്നു യോഗം വിലയിരുത്തി.
യോഗത്തിൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.