നേർച്ചപ്പാറയിൽ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു
1578371
Thursday, July 24, 2025 1:47 AM IST
മംഗലംഡാം: നേർച്ചപ്പാറയിൽ വീണ്ടും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൊച്ചു കിഴക്കയിൽ ജോർജ്, നെല്ലിക്കലിടം ശ്രീകുമാർ, ജിജോ കൊല്ലത്താഴത്തിൽ എന്നിവരുടെ കൃഷിസ്ഥലങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുള്ളത്.
തെങ്ങ്, കമുക്, വാഴ തുടങ്ങിയവ നശിപ്പിച്ചു. വീടുകൾക്കിടയിലൂടെയാണ് ആന നടക്കുന്നത്. ഇതുജനങ്ങളിൽ വലിയ ഭീതി ഉണ്ടാക്കിയിട്ടുണ്ട്.ഒരു മാസം മുമ്പാണ് ഇവിടെ കടുവയിറങ്ങി ജനങ്ങളെ പേടിപ്പെടുത്തുന്ന സംഭവമുണ്ടായത്.
ആർആർ ടീമിന്റെ സേവനം പ്രദേശത്ത് ഉറപ്പാക്കണമെന്നും വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ഇന്നലെ വൈകുന്നേരം ചേർന്ന നേർച്ചപ്പാറ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് മെംബർമാരായ മുഹമ്മദ് കുട്ടി, പി.ജെ.മോളി, കിഫ ജില്ലാ സെക്രട്ടറി അബാസ് ഉറവഞ്ചിറ, ഡോ. സിബി സക്കറിയാസ്, രമേശ് ചെവകുളം, നേർച്ചപ്പാറ സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് പാലക്കാതടത്തിൽ, പരമേശ്വരൻ, അനീഷ്, സാജു വാഴചാരിക്കൽ പ്രസംഗിച്ചു.
സോളാർ തൂക്കുവേലിയുടെ ബാക്കി ഭാഗം ഉടനടി തീർക്കണമെന്നും ഈയിടെ സ്ഥാപിച്ചിട്ടുള്ള സോളാർ തൂക്കുവേലികളിൽ മതിയായ വൈദ്യുത ചാർജില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ആനകൾ കൃഷിയിടങ്ങളിലിറങ്ങാൻ കാരണമാകുന്നത്.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും ഡിഎഫ്ഒ ക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകാനും തുടർസമര പരിപാടികൾക്കും യോഗം രൂപം നൽകി.
അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കിൽ ജീവനും സ്വത്തിനുമായി കോടതിയെ സമീപിക്കാനാണ് സമിതിയുടെ തീരുമാനം.