ഒറ്റപ്പാലം നഗരസഭ ആരോഗ്യവിഭാഗം നിഷ്ക്രിയമെന്നു പരാതി
1578590
Friday, July 25, 2025 1:08 AM IST
ഒറ്റപ്പാലം: നഗരപരിധിയിലെ ഭക്ഷണശാലകളിൽ ഗുണമേന്മ ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപഭോഗം തടയാനും നടപടികളില്ല. പാതയോരങ്ങളിലെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടുന്നതു തടയുന്നതടക്കമുള്ള വിഷയങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുന്നില്ലന്നാണ് പരാതി. ഈസ്റ്റ് ഒറ്റപ്പാലം മേഖലയിലാണ് ഇത് സംബന്ധിച്ച് ഏറ്റവും പരാതിയുള്ളത്.
നേരത്തെ സുരക്ഷിതമല്ലാത്ത നിലയിൽ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത ഭക്ഷണശാലകളിൽ സ്ഥിതി ഇപ്പോഴും വ്യത്യസ്ഥമല്ല. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗവും വിവിധ കച്ചവട സ്ഥാപനങ്ങളിൽ വ്യാപകമാണ്.
ഒറ്റപ്പാലത്തെ മത്സ്യവ്യാപാരസ്ഥാപനങ്ങളിൽ നിന്നും മലിനജലം പാതയോരത്തെ ചാലുകളിലേക്ക് ഒഴുക്കിവിടുന്നതായും പരാതികൾ ഉണ്ട്. നഗരത്തിലെ മറ്റു മത്സ്യ, മാംസ വ്യാപാരസ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി.
ഭക്ഷണശാലകളിലും പാതയോരത്തെ ചാലുകളിലേക്കു മലിനജലം ഒഴുക്കിവിടാൻ സാധ്യതയുള്ള സ്ഥാപനങ്ങളിലും പരിശോധനയും നടപടികളും ഉണ്ടാവണമെന്നാണ് ജനകീയാവശ്യം. നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപഭോഗം തടയാനുള്ള നടപടികൾ കൂടി കർശനമായി നടപ്പാക്കേണ്ടതായിട്ടുണ്ട്.