കണ്ണുകളെന്തിന്, നീരജയുടെ വിജയങ്ങൾക്ക് ആത്മവിശ്വാസത്തിന്റെ വെളിച്ചം
1578588
Friday, July 25, 2025 1:08 AM IST
ശ്രീകൃഷ്ണപുരം: വെളിച്ചമാകേണ്ട കണ്ണുകൾ കൂടെയില്ലാത്തതു നീരജയ്ക്ക് പോരായ്മയായില്ല. കാഴ്ച പൂർണമായും നഷ്ടപ്പെട്ട കണ്ണുകളാൽ പൊരുതിനേടിയ വിജയത്തിനു ഇപ്പോൾ ഇരട്ടിമധുരം.
പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടിയ നീരജ യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായി. ഗവേഷണത്തിന് യോഗ്യത നേടുകയും ചെയ്തു.
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടരയിൽ ഈറാൻതോട്ടിൽ വീട്ടിൽ പരേതനായ രാഘവൻ- ജാനകി ദമ്പതികളുടെ മകളായ നീരജ പഠനത്തിൽ ചെറുപ്പം മുതലേ മികവുപുലർത്തിയിരുന്നു. കരിമ്പുഴ തോട്ടരയിൽ പ്രവർത്തിക്കുന്ന ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിലായിരുന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം.
തുടർന്ന് കരിമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ തോട്ടരയിൽ നിന്ന് പ്ലസ് ടു വരെയുള്ള പഠനം പൂർത്തിയാക്കി. ഇതിനിടെ അച്ഛന്റെ മരണം ഇരുട്ടടിയായി.
തോട്ടര ഹെലൻ കില്ലർ അന്ധവിദ്യാലയത്തിലെ ജീവനക്കാരിയായ അമ്മ ജാനകിയുടെ ചെറിയ വരുമാനമായിരുന്നു ഏക ജീവിതമാർഗം. ജീവിത പ്രാരബ്ധങ്ങൾ ഏറെയുണ്ടായിട്ടും ആഗ്രഹങ്ങളോടു സന്ധിചെയ്യാൻ നീരജ തയാറായില്ല. മണ്ണാർക്കാട് എംഇഎസ് കോളജിലെ ബിരുദപഠനം ജീവിതത്തിൽ വഴിത്തിരിവായി. പരിമിതികൾക്കിടയിലും നീരജ രാഷ്ട്രീയത്തിലും മികവുതെളിയിച്ചു.
എംഎസ്എഫിനൊപ്പമാണ് വിദ്യാർഥി രാഷ്ട്രീയം ആരംഭിച്ചത്. തുടർന്ന് കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയപ്പോഴും എംഎസ്എഫ് വിദ്യാർഥിരാഷ്ട്രീയം ഉപേക്ഷിച്ചില്ല.
കൂടുതൽ കരുത്തോടെ വിദ്യാർഥി രാഷ്ട്രീയം ആസ്വദിക്കുകയും ഹരിതയുടെ സംസ്ഥാന വൈസ് ചെയർപേഴ്സൺ പദവി വഹിക്കുകയും ചെയ്തു.
എംഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിൽ എംഎസ്എഫ് പുറത്തിറക്കുന്ന മാഗസിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉൾപ്പെടെയുള്ള പ്രമുഖർ നീരജയ്ക്ക് അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.