കനത്ത മഴ, മണ്ണാർക്കാട് മലയോരമേഖലയിൽ വ്യാപകനാശനഷ്ടം; മൂന്നുപേർക്കു പരിക്ക്
1578832
Saturday, July 26, 2025 12:23 AM IST
കല്ലടിക്കോട്: മഴയിലും ശക്തമായ കാറ്റിലും കല്ലടിക്കോട്, പനയമ്പാടം, പാലക്കയം മേഖലകളിൽ വ്യാപക നാശനഷ്ടം, മൂന്നുപേർക്ക് പരിക്കേറ്റു. കല്ലടിക്കോട് അമ്പലപ്പള്ളിയാലിൽ എതിർപ്പുള്ളി മേലെമഠം ചാണ്ടാട്ടിൽ വീട്ടിൽ വാസു (88), ജാനകി (72), അഭിജിത്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
വാസുവിന്റെ മകൻ സുരേഷുമൊത്ത് വീടിനുള്ളിൽ ഇരിക്കുന്നതിനിടെയാണ് തെങ്ങ് വീടിനുമുകളിലേക്കു വീണത്. വീടിന്റെ മേൽക്കൂര തകർന്നു. പഞ്ചായത്ത് അംഗം കെ.കെ. ചന്ദ്രന്റെ നേതൃത്വത്തിൽ പരിക്കേറ്റവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പനയമ്പാടം യുപി സ്കൂളിനു സമീപം തേക്കുമരം കടപുഴകിവീണ് മൂന്നു വൈദ്യുതി പോസ്റ്റുകൾ തകർന്നു. ബൈക്ക് വെട്ടിച്ചുമാറ്റിയതിനാൽ ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരനായ രമേഷ് രക്ഷപ്പെട്ടു.
പഴയ പാലക്കയത്ത് മരങ്ങൾ വീടിനു മുകളിൽവീണ് കീച്ചാലിൽ ടോമിയുടെ വീട് തകർന്നു. മരുതുംകാട്, കരിമല, മുണ്ടനാട്, ചീനിക്കപ്പാറ, അച്ചിലട്ടി, പായപ്പുല്ല്, ഇഞ്ചിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങൾവീണ് കൃഷികൾ നശിച്ചിട്ടുണ്ട്.