അതിശയംനിറച്ച് പാലക്കുഴി
1578824
Saturday, July 26, 2025 12:23 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: പുരാതനചരിത്രവും കൃഷിമേന്മകളും പ്രകൃതി മനോഹാരിതയും നിറഞ്ഞുനിൽക്കുന്ന ഹരിതഭൂമികയാണ് മലമ്പ്രദേശമായ പാലക്കുഴി.
പാലക്കുഴി സ്വപ്നഭൂമികയാണ്. റബറും കുരുമുളകും ജാതിയും ഏലവും വിളയുന്ന ലക്ഷണമൊത്ത കുടിയേറ്റഗ്രാമം. വടക്കഞ്ചേരിയുടെ വളർച്ചയ്ക്ക് മലഞ്ചരക്ക് ഉത്പന്നങ്ങളിലൂടെ പ്രധാന പങ്കുവഹിക്കുന്ന പാലക്കുഴിക്കു പൊക്കക്കുറവും ലവലേശമില്ല.
സമുദ്രനിരപ്പിൽനിന്നും മൂവായിരത്തോളം അടി ഉയരം. ഈ തലയെടുപ്പുതന്നെയാണ് പാലക്കുഴിയെ മനോഹരിയാക്കുന്നതും. ഏതോ പുരാതനസംസ്കൃതിയുടെ ശേഷിപ്പുകളും ഇന്നും പാലക്കുഴിയിലുണ്ട്.
പോത്തുമട ഭാഗത്താണ് ഇന്നും വലിയ കേടുപാടുകളില്ലാതെ നിലനിൽക്കുന്ന നന്നങ്ങാടികളുള്ളത്. പാലക്കുഴി മലമുകളിൽനിന്നും താഴേക്കുള്ള അതിദൂര കാഴ്ച അതിമനോഹരം എന്നുമാത്രമേ പറയാനാകു. പ്രദേശമൊട്ടാകെ ഈ മലമുകളിൽനിന്നു കാണാം.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിനാളുകൾ മലകയറുന്നത്. തിണ്ടില്ലം വെള്ളച്ചാട്ടം രൂപമെടുക്കുന്ന പുഴയും കുരുമുളകുതോട്ടങ്ങളുടെ പച്ചക്കാടുകളും വൈവിധ്യമാർന്ന പഴവർഗത്തോട്ടങ്ങളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്.
വഴിനീളം
വിസ്മയക്കാഴ്ചകൾ
കുത്തനെയുള്ള കയറ്റങ്ങളുമായി പാലക്കുഴിയിലേക്കുള്ള വാഹന യാത്ര ചെറിയ ദുർഘടമാണെങ്കിലും വഴിയിലൂടനീളമുണ്ട് വിസ്മയ കാഴ്ചകൾ.
വടക്കഞ്ചേരിയിൽ നിന്നും എട്ടു കിലോമീറ്റർ യാത്ര ചെയ്തു കണച്ചിപരുതയിലെത്തി അവിടെനിന്നുമാണ് എട്ടു കിലോമീറ്റർ പിന്നേയും ദൂരം വരുന്ന പാലക്കുഴിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.
പാലക്കുഴി റോഡിന്റെ വലതു ഭാഗം പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രമാണ്. കുറച്ചുകാലം മുമ്പുവരെ പുല്ലംപരുത, താണിച്ചുവട് ഭാഗങ്ങളിൽ ആന ഇറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ സോളാർ ഫെൻസിംഗ് കാര്യക്ഷമമാക്കിയതോടെ ആനശല്യം കുറവുണ്ട്. ഇവിടെയാണ് താഴേക്കുള്ള നല്ലൊരു വ്യു പോയിള്ളത്.
തുടർന്നുള്ള യാത്രകളിലെല്ലാം റബർ തോട്ടങ്ങളും കുരുമുളകുതോട്ടങ്ങളും കാണാനാകും. അഞ്ചുവഴികൾ സംഗമിക്കുന്ന അഞ്ചുമുക്ക് എന്ന സ്ഥലമാണ് പാലക്കുഴിയുടെ പ്രധാന സെന്ററുകളിലൊന്ന്. അഞ്ചുമുക്കിൽ നിന്നും 150 മീറ്റർ മാറിയാണ് തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിക്കായുള്ള ചെക്ക്ഡാമുള്ളത്. ഇവിടെയാണ് പുഴ.
പടപൊരുതി നേടിയത്...
പാറക്കൂട്ടങ്ങളിൽ ആർത്തലച്ച് തട്ടിച്ചിതറി പായുന്ന പുഴുടെ ഒഴുക്ക് കാണാനും അപകടകരമല്ലാത്ത പ്രദേശത്ത് കുളിക്കാനുമായി ഇവിടെ വിനോദസഞ്ചാരികളെത്തുന്നു.
ചെക്ക് ഡാമിന്റെ പാലത്തിലൂടെ കയറി രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ പോത്തുമടയിലെ നന്നങ്ങാടിയിലെത്താം. ഇത് ഒറ്റപ്പെട്ട സ്ഥലമാണ്. വഴികാട്ടിയായി പ്രദേശവാസികളുണ്ടായാൽ യാത്ര എളുപ്പമാകും. അതല്ലെങ്കിൽ വഴിതെറ്റി വലയും. പാലക്കുഴിയുടെ ഈ ഹരിത ശോഭയ്ക്കുപിന്നിൽ കുടിയേറ്റ കർഷകരുടെ വിയർപ്പിന്റെ കഥകളും ഏറെയുണ്ട്. പൂർവികരുടെ വലിയ യാതനകളുണ്ട് ഈ കർഷിക സമൃദ്ധിക്കെല്ലാം പിന്നിൽ. പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും സർക്കാർ സംവിധാനങ്ങളോടും പടപൊരുതി നേടിയതാണ് ഇന്നുകാണുന്നതെല്ലാം.
റബറും കുരുമുളകുമാണ് പാലക്കുഴിക്കാരുടെ പ്രധാന വരുമാന മാർഗം. രണ്ടിന്റെയും വിലയെ ആശ്രയിച്ചാണ് പാലക്കുഴിക്കാരുടെ ജീവിതം മുന്നോട്ടു പോവുക.