റെഡ് റൺ ദീർഘദൂര ഓട്ടമത്സരം 30ന്
1578583
Friday, July 25, 2025 1:08 AM IST
പാലക്കാട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തിനു മുന്നോടിയായി ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി അഞ്ചുകിലോമീറ്റർ ദീർഘദൂര ഓട്ടമത്സരം സംഘടിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നാഷണൽ സർവീസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം. യുവജനങ്ങൾക്കിടയിൽ എയ്ഡ്സ് , ലഹരി എന്നിവക്കെതിരെയുള്ള ബോധവത്കരണം, ആരോഗ്യകരമായ ജീവിത ശൈലിക്കായി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജില്ലയിൽ പഠിക്കുന്ന 17നും 25 നും ഇടയിൽ പ്രായമുള്ള കോളജ് വിദ്യാർഥികൾക്കു പങ്കെടുക്കാം.
ആൺ, പെൺ, ട്രാൻസ്ജെൻഡർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപ വീതം കാഷ് അവാർഡ് സമ്മാനിക്കും. 30ന് രാവിലെ 7.30 ന് മലമ്പുഴ മുതൽ കഞ്ചിക്കോട് വരെയുള്ള റോഡിലായിരിക്കും മത്സരം.
കോളജ് ഐഡി അല്ലെങ്കിൽ കോളേജ് അധികൃതർ നൽകുന്ന സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്ന രേഖ എന്നിവ മത്സരത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് സമർപ്പിക്കണം. താത്പര്യമുള്ളവർ 28ന് വൈകുന്നേരം അഞ്ചിനു മുന്പായി ഗൂഗിൾഫോമിലൂടെ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ 9446396166, 9946211528 നന്പറുകളിൽ ലഭിക്കും.