കൊടുവായൂർ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം
1578595
Friday, July 25, 2025 1:08 AM IST
കൊടുവായൂർ: കോടികൾ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ് കം കമ്യൂണിറ്റിഹാൾ അധികൃതരുടെ അവഗണനയിൽവ നാശോന്മുഖമാകുന്നു. 2012-13 വർഷം പി.കെ. ബിജു എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഒന്നര കോടി ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ആദ്യ വർഷം ഒരു വർഷത്തോളം ബസുകൾ സ്റ്റാൻഡിനകത്ത് കയറിയിരുന്നെങ്കിലും നിർമാണത്തിലെ അപാകത കാരണം ഘട്ടംഘട്ടമായി നിർത്തിവെയ്ക്കുകയാണുണ്ടായത്.
സ്റ്റാൻഡിനകത്ത് ബസുകൾ കയറുന്ന വഴികൾ ഏറെ ദുർഘടമായതും ബസ് എത്തുന്നത് നിലയ്ക്കാൻ കാരണമായി. കോയമ്പത്തൂരിൽ നിന്നും കൊടുവായൂർ എത്തി മടങ്ങുന്ന ഒരു തമിഴ്നാട് സർക്കാർ ബസ് മാത്രമാണ് സ്റ്റാൻഡിലെത്തുന്നത്. ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വാഹനം സ്റ്റാൻഡിൽ നിർത്തിതുടങ്ങി.
നിലവിൽ വിപുലമായ കെട്ടിടം ഉണ്ടായിട്ടും യാത്രക്കാർ മഴയത്തും വെയിലത്തും റോഡിൽ നിന്നാണ് ബസ് കയറുന്നത്. സ്റ്റാൻഡിനകത്ത് കോമ്പൗണ്ട് തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റാൻഡിനകത്ത് ഇതര വാഹനങ്ങൾ നിർത്തുന്നതിരെ യാത്രക്കാരുടെ പ്രതിഷേധം ഉണ്ടായി. ഇതോടെ പഞ്ചായത്ത് അധികൃതർ സ്റ്റാൻഡിനകത്ത് അന്യവാഹനങ്ങൾ കയറുന്നതു തിരോധിച്ചതായി നോട്ടീസ് പതിച്ചു. എന്നാൽ സ്റ്റാൻഡിൽ ബസ് കയറാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.