താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ വഴിമുടക്കിയായ പഴയ വാഹനം മാറ്റണം
1578594
Friday, July 25, 2025 1:08 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വർഷങ്ങളായി വഴിമുടക്കിയായി കിടക്കുന്ന ഉപയോഗമില്ലാത്ത പഴയവാഹനം മാറ്റണമെന്ന് ആവശ്യം. എക്സ്റെ റൂം, സ്ത്രീകളുടെ അഡ്മിഷൻ വാർഡ്, മെഡിക്കൽ ഷോപ്പ് എന്നിവിടങ്ങളിലേക്ക് നടന്നും വീൽചെയറിലും രോഗികളും കൂട്ടിരിപ്പുകാരും സഞ്ചരിക്കുന്ന വഴിയിലാണ് വാഹനം കിടക്കുന്നത്. സ്ഥലമില്ലാത്തതു കാരണം 108 ആംബുലൻസ് വരെ കോമ്പൗണ്ടിനു പുറത്താണ് നിർത്തിയിടുന്നത്.
15 വർഷം കഴിഞ്ഞതിനാൽ ഫിറ്റ്നസ് പുതുക്കാത്തതാണ് വാഹനം ഓടിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. നിലവിൽ പുതിയ കെട്ടിടത്തിൽ ഒപിയും അത്യാഹിത വിഭാഗവും ഫാർമസിയും മാത്രമാണ് മാറ്റിയിരിക്കുന്നത്.
എക്സ്റെ യൂണിറ്റ് മാറ്റണമെങ്കിൽ ഇനിയും കടമ്പകളേറെയുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സക്ക് പോവുന്ന വഴിയെങ്കിലും ഉപയോഗപ്രദമാക്കേണ്ടതുണ്ട്. വീതി കുറഞ്ഞ വഴിയിലൂടെ എക്സ്റെ യൂണിറ്റിലേക്ക് നടന്നു പോവുന്നത് ഏറെ വിഷമകരവുമാണ്.