കേന്ദ്ര സർക്കാർ ഉത്തരവ് വിനയായി; തൊഴിലുറപ്പുപദ്ധതി പ്രതിസന്ധിയിൽ
1578834
Saturday, July 26, 2025 12:23 AM IST
ശ്രീകൃഷ്ണപുരം: ചെയ്തു കൊണ്ടിരിക്കുന്ന ജോലികളിൽ ഭൂരിപക്ഷവും കേന്ദ്രസർക്കാർ നിബന്ധനകളെതുടർന്ന് പുറത്തായതോടെ തൊഴിലുറപ്പ് പദ്ധതി വൻ പ്രതിസന്ധിയിലായി.
ഒരു കുടുംബത്തിന് നൂറുദിവസം തൊഴിൽ നൽകാൻ കഴിയാതെ ഉഴലുകയാണ് പഞ്ചായത്തുകൾ. ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ നടപ്പിലാക്കാൻ പാടില്ലെന്നു നിയമം കർശനമാക്കിയതാണ് പദ്ധതിയെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്.
ഒരു പ്രവർത്തി ചെയ്താൽ പിന്നീട് അഞ്ചുവർഷത്തേക്ക് അതേപ്രവൃത്തി തന്നെ ചെയ്യാൻ പാടില്ലെന്നു ഓംബുഡ്സ്മാൻ, സോഷ്യൽ ഓഡിറ്റ് വിഭാഗങ്ങൾ കർശന നിർദേശം നൽകുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തത് പഞ്ചായത്തുകൾക്ക് തിരിച്ചടിയായി.
അങ്ങനെ ചെയ്ത പ്രവൃത്തികളുടെ തുക തിരിച്ചടയ്ക്കണമെന്നു ഓംബുഡ്സ്മാൻ, സോഷ്യൽ ഓഡിറ്റ് വിഭാഗങ്ങൾ പഞ്ചായത്തുകൾക്ക് രേഖാമൂലം നൽകിയതോടെ ജീവനക്കാരും ഭയപ്പാടിലായി.
തോടുനവീകരണം, പൊതുകുളം നവീകരണം, കുളം നിർമാണം,വനവത്കരണം, അരികുചാൽ നിർമാണം,പച്ചക്കറി കൃഷിക്ക് നിലമൊരുക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പഞ്ചായത്തുകൾ പ്രധാനമായും ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നത്.
എന്നാൽ ഈ പ്രവൃത്തികൾ ഒന്നും അഞ്ചുവർഷത്തേക്ക് നടപ്പിലാക്കാൻ കഴിയില്ല. ഏറ്റെടുക്കാൻ കഴിയുന്ന പ്രവൃത്തിയായ തരിശുഭൂമിയെ കൃഷി യോഗ്യമാക്കുക എന്ന പദ്ധതി നിയമനൂലാമാലകളുള്ളതിനാൽ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസർ എന്നിവർ തരിശുഭൂമിയാണെന്നു സാക്ഷ്യപത്രം നൽകണം എന്നതാണ് പ്രധാന വെല്ലുവിളി. ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഭയന്ന് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നില്ല.
നിലവിലെ സാമ്പത്തിക വർഷം നാലുമാസം പിന്നിടുമ്പോൾ തൊഴിൽ ആവശ്യപ്പെട്ട ഒരു തൊഴിലാളിക്ക് ശരാശരി പത്തു തൊഴിൽദിനങ്ങൾ മാത്രമാണ് ലഭിച്ചത്. സാധാരണ കുടുംബങ്ങൾക്ക് നൂറുദിവസം തൊഴിൽ ലഭിക്കുമ്പോൾ മലയോരമേഖലകളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽദിനങ്ങൾ ഇരുനൂറാണ്.
കഴിഞ്ഞവർഷം നാലുമാസം പിന്നിട്ടപ്പോൾ 40 ദിവസം മുതൽ 100 ദിവസം വരെ തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവരായിരുന്നു സജീവ തൊഴിലാളികളിൽ ഭൂരിഭാഗവും. ഭൂപ്രകൃതിക്കും, കാലാവസ്ഥക്കും അനുയോജ്യമായ പ്രവൃത്തികൾ ഏറ്റെടുക്കാൻ വേണ്ട നിയമനിർമാണം സർക്കാറുകൾ ഏറ്റെടുക്കണമെന്ന് ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ കുന്നത്ത്, ഒറ്റപ്പാലം നിയോജകമണ്ഡലം കൺവീനർ ഇ.പി. ബഷീർ എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനും തീരുമാനിച്ചു.