കുറവമ്പാടിയിൽ കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം
1578086
Wednesday, July 23, 2025 1:29 AM IST
അഗളി: അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിൽ കുറവൻപാടിയിൽ വൻകൃഷിനാശം വിതച്ച് കാട്ടാന വിളയാട്ടം. ശിർവാണിപ്പുഴയോരത്തുള്ള കൃഷിത്തോട്ടങ്ങളിലാണ് ആന നാശംവിതച്ചത്.
കർഷകരായ പുതുവേലിൽ ഗോപി, പാലത്തിങ്കൽ മധു എന്നിവരുടെ തോട്ടങ്ങളിൽ തെങ്ങ്, കമുക്, ഏലം, വാഴ തുടങ്ങി കൃഷികൾ നശിപ്പിച്ചു.
കായ്ഫലമുള്ള തെങ്ങുകളും കമുകുകളും ഏലകൃഷിയുമാണ് നശിപ്പിച്ചത്. ഏലക്കൃഷികൾ സംരക്ഷിക്കാനാകാത്തവണ്ണം ചവിട്ടി നശിപ്പിച്ചു.
ഇന്നലെ പുലർച്ചയോടെയാണ് തോട്ടത്തിൽ ആനകള്‍ എത്തിയതെന്നാണ് കരുതുന്നത്. ലക്ഷക്കണക്കിനുരൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറഞ്ഞു. ഷോളയൂർ ഫോറസ്റ്റർ രതീഷ് സ്ഥലത്തെത്തി കൃഷിനാശം വിലയിരുത്തി. നടപടിക്രമങ്ങൾക്ക് വിധേയമായി കൃഷിനാശം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ഫോറസ്റ്റർ പറഞ്ഞു.
ഒരു മാസത്തിലധികമായി ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയിലും, അഗളി പഞ്ചായത്തിലെ പുലിയറ, കുറവൻപാടി, ഉണ്ണിമല, കട്ടേക്കാട് പ്രദേശങ്ങളിലും കാട്ടാനശല്യം തുടരുകയാണ്.
വൈകുന്നേരമായാൽ ആളുകൾക്കു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
തികച്ചും ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ വന്യമൃഗങ്ങളെ ഭയന്ന് രാത്രിയിൽ അത്യാവശ്യഘട്ടത്തിൽ ടാക്സിപോലും കിട്ടാത്ത സ്ഥിതിയാണന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.