വിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തിനു മാതൃക: മന്ത്രി വി.ശിവൻകുട്ടി
1577841
Tuesday, July 22, 2025 2:06 AM IST
കൊടുവായൂർ: വിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്മന്ത്രി വി.ശിവൻകുട്ടി. കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ നേട്ടങ്ങളെ സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സർവെയിൽ 16 ാം സ്ഥാനത്തായിരുന്ന കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
രാജ്യത്തെ ജില്ലകളിലെ വിദ്യാഭ്യാസ നിലവാരം പരിശോധിച്ചപ്പോൾ കേരളം പ്രഥമശ്രേണിയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങാതെ കുട്ടികളുടെ സമഗ്രവളർച്ച ഉറപ്പാക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാൻ കുട്ടികൾക്കാവണം.
ഇതിനായി പഠനത്തോടൊപ്പം കായികവും കലാപരവുമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ സ്കൂളുകൾ മികച്ച പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 14,000ത്തോളം വരുന്ന സ്കൂളുകളിലെ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചാണ് സർക്കാർ മുന്നോട്ട് പോവുന്നത്. സംസ്ഥാനത്തെ നല്ലൊരു ശതമാനം സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്താണ് ഈ സർക്കാർ അധികാരത്തിലെത്തിയത്. കഴിഞ്ഞ ഒൻപത് വർഷം പൊതുവിദ്യാഭ്യാസ രംഗം മാതൃകാപരമായ പ്രവർത്തനങ്ങൾകൊണ്ട് മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കെ. ബാബു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. പ്ലാൻ ഫണ്ട് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 670 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ കൊടുവായൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് അംഗം എം. രാജൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരൻ, കൊടുവായൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.ഷീല, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.എ. സലീനബീവി, പ്രിൻസിപ്പൽ ടി. ശോഭ തുടങ്ങിയവർ പങ്കെടുത്തു.