സംസ്ഥാനത്ത് പത്ത് ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി: മന്ത്രി ശിവൻകുട്ടി
1577835
Tuesday, July 22, 2025 2:06 AM IST
നെന്മാറ: സംസ്ഥാനത്തെ 108 സർക്കാർ ഐടിഐകളിൽ 10 ഐടിഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. നെന്മാറ ഐടിഐ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 55,000 ത്തോളം വിദ്യാർഥികൾ ഒരോ വർഷവും ഐടിഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നുണ്ട്. ജില്ലകളിൽ നടത്തുന്ന തൊഴിൽമേളകളിലൂടെ നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്നു.
പ്രൊഡക്ഷൻ സെന്ററുകൾ, ഗ്രീൻ കാന്പസ് പദ്ധതി എന്നിവയുൾപ്പെടെ നിരവധി നൂതന പദ്ധതികളും ഈ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ പോഷകാഹാരപദ്ധതിയുടെ ഭാഗമായി ഐടിഐയിലെ മുഴുവൻ ട്രെയിനികൾക്കും പാൽ, മുട്ട, പഴം, ബ്രെഡ് എന്നിവ സമീപത്തെ കുടുംബശ്രീ യൂണിറ്റുകൾ വഴി ലഭ്യമാക്കുന്നുണ്ട്.
ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. കൂടാതെ പരിശീലന കാലയളവിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷ്വറൻസ് ഏർപ്പെടുത്താനും അതിന്റെ പ്രീമിയം യഥാസമയം അടയ്ക്കാനും സർക്കാരിന് കഴിഞ്ഞു. ജില്ലയിൽ പുതുതായി നാല് ഐടിഐകൾ ആരംഭിക്കാൻ കഴിഞ്ഞത് സർക്കാറിന്റെ വലിയ നേട്ടമാണ്. നെന്മാറ ഗവ. ഐടിഐക്കുള്ള ചുറ്റുമതിലിനായി 80 ലക്ഷം അനുവദിച്ചിട്ടുണ്ട്.
കൂടാതെ ഇലക്ട്രിക്കൽ ആൻഡ് പവർ ഡിസ്ട്രിബ്യൂഷൻ, ത്രീഡി ആനിമേഷൻ എഐ പ്രിന്റിംഗ് എന്നീ രണ്ട് കോഴ്സുകളും കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. നമ്മുടെ യുവാക്കൾക്ക് മികച്ച തൊഴിൽ സാധ്യതകൾ നൽകുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക സാന്പത്തിക വികസനത്തിന് കൂടുതൽ സംഭാവന ചെയ്യാനാകുമെന്നും മന്ത്രി കൂട്ടിചേർത്തു.
പരിപാടിയിൽ ഗംഗോത്രി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എൻ.എം. വിജയഗോപാലനെ മന്ത്രി ആദരിച്ചു. കെ. ബാബു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സുഫിയാൻ അഹമ്മദ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സുധാകരൻ, ഗ്രാമപഞ്ചായത്ത് അംഗം പി.ജി. ജയൻ, ഗവ. ഐടിഐ പ്രിൻസിപ്പൽ ആർ. ജയകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.